ദില്ലി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. 933 പേരുടെ റാങ്ക് പട്ടികയിൽ ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. സിവിൽ സർവീസ് പാസായ 933 പേരുടെ പട്ടികയാണ് ഇത്തവണ യുപിഎസ്‌സി പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽ നിന്നും 345 പേരാണ് യോഗ്യത നേടിയത്. ഒബിസി വിഭാഗത്തിൽ നിന്നും 263 പേരും എസ് സി വിഭാഗത്തിൽ നിന്നും 154 പേരും യോഗ്യത നേടി. കോട്ടയം പാലാ സ്വദേശി ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളിയായ ആര്യ വി എം 36-ാം റാങ്കും കരസ്ഥമാക്കി. അനൂപ് ദാസ് (38–ാം റാങ്ക്), എസ്. ഗൗതം രാജ് (63–ാം റാങ്ക്) എന്നിങ്ങനെയാണ് ആദ്യ നൂറിലുള്ള മറ്റ് മലയാളികൾ.
കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസ് (25), എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്‍റ്. മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്‍റ് തോമസ് കോളേജിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി. പാലാ സെന്‍റ്. തോമസ് കോളേജ് റിട്ട. ഹിന്ദി പ്രെഫ. സി കെ ജയിംസ് തോമസിന്‍റെയംയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളാണ് ഗഹന നവ്യ.