മെറ്റാ പ്ലാറ്റ്‌ഫോം ഐഎൻസിയുടെ (META.O) ഇൻസ്‌റ്റഗ്രാം (Instagram) ഞായറാഴ്‌ച 98,000-ലധികം ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമായതായി ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് Downdetector.com അറിയിച്ചതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. നിലവിൽ പ്രശ്‌നം പരിഹരിച്ച് പ്രവർത്തനം പുനഃസ്ഥാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളുടെ സേവനങ്ങളെ തടസ്സപ്പെടുത്തുന്ന സാങ്കേതിക തകരാർ കാരണം ആപ്പ് ഞായറാഴ്‌ച വൈകീട്ട് ഏകദേശം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു.
ഉപയോക്താക്കൾ ഉൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സ്‌റ്റാറ്റസ് റിപ്പോർട്ടുകൾ സംയോജിപ്പിച്ച് ഡൗൺഡിറ്റക്റ്റർ തകരാറുകൾ ട്രാക്ക് ചെയ്യുന്നു. 180,000ത്തിലധികം ഉപയോക്താക്കൾക്ക് ഇൻസ്‌റ്റഗ്രാം ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തു, കാനഡയിൽ 24,000ത്തിലധികം ഉപയോക്താക്കളും ബ്രിട്ടനിലെ 56,000ത്തിലധികം ഉപയോക്താക്കളും പ്രശ്‌നങ്ങൾ ഉന്നയിച്ചതായി റോയിട്ടേഴ്‌സ് പറയുന്നു.
“ഇന്ന് നേരത്തെ, ഒരു സാങ്കേതിക പ്രശ്‌നം മൂലം ചില ആളുകൾക്ക് ഇൻസ്‌റ്റഗ്രാം ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നമുണ്ടായി. ബാധിക്കപ്പെട്ട എല്ലാവർക്കുമായി ഞങ്ങൾ എത്രയും വേഗം പ്രശ്‌നം പരിഹരിച്ചു,” ഒരു മെറ്റാ വക്താവ് റോയിറ്റേഴ്‌സിനോട് പറഞ്ഞു.
നേരത്തെ മെയ് 18ന് സമാനമായ രീതിയിൽ ഫീഡ് ആക്‌സസ് ചെയ്യുന്നതിലും സ്‌റ്റോറികൾ കാണുന്നതിലും പോസ്‌റ്റുചെയ്യുന്നതിലും പ്രശ്‌നങ്ങൾ നേരിടുന്നതായി നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ചിലർക്ക് അവരുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ല, മറ്റുള്ളവർക്ക് അവരുടെ ഏറ്റവും പുതിയ റീലുകളിൽ കാഴ്‌ചകൾ കാണാനും സാധിച്ചിരുന്നില്ല.
“ചില ആളുകൾക്ക് ഇൻസ്‌റ്റഗ്രാം ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നമുണ്ടെന്ന് ഞങ്ങൾക്കറിയാം. കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു, എന്തെങ്കിലും അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു” വക്താവ് പറഞ്ഞു.