‘നുണ പരിശോധനയ്ക്ക് തയ്യാർ, ബ്രിജ് ഭൂഷൺ

0
67

തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾക്കിടയിൽ നാർക്കോ ടെസ്‌റ്റ്, പോളിഗ്രാഫി അല്ലെങ്കിൽ നുണപരിശോധന എന്നിവയ്ക്ക് വിധേയനാകാൻ തയ്യാറാണെന്ന് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ് ഞായറാഴ്‌ച പറഞ്ഞു. എന്നാൽ, ഗുസ്‌തി താരങ്ങളായ ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവരും ഈ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് പൂനിയയും ഫോഗട്ടും ഉൾപ്പെടെ ബ്രിജ് ഭൂഷണിനെതിരെ പ്രതിഷേധിക്കുകയാണ്. ബ്രിജ് ഭൂഷണെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഏപ്രിൽ 23 മുതൽ ജന്തർ മന്തറിൽ ഇവർ സമരം നടത്തിവരികയാണ്.

“രണ്ട് ഗുസ്‌തി താരങ്ങളും (ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും) അവരുടെ പരിശോധന പൂർത്തിയാക്കാൻ തയ്യാറാണെങ്കിൽ, ഞാൻ പത്രക്കാരെ വിളിച്ച് അറിയിക്കും. അവരുണ്ടെങ്കിൽ ഞാനും തയ്യാറാണെന്ന് ഞാൻ അവർക്ക് വാഗ്‌ദാനം നൽകുന്നു.” ബ്രിജ് ഭൂഷൺ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു.

തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിഞ്ഞാൽ തൂങ്ങി മരിക്കുമെന്ന് നേരത്തെ മെയ് 7ന് ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു. “ഞാൻ ഇപ്പോഴും എന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു, എന്നും ഉറച്ചുനിൽക്കുമെന്ന് പൗരന്മാർക്ക് വാഗ്‌ദാനം ചെയ്യുന്നു,” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

“ഈ ഗുസ്‌തി താരങ്ങളോട് ഒഴികെ (പ്രതിഷേധിക്കുന്നവർ), ഞാൻ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടോ എന്ന് ആരോടെങ്കിലും ചോദിക്കൂ. എന്റെ ജീവിതത്തിന്റെ 11 വർഷം ഞാൻ ഈ രാജ്യത്തിന് ഗുസ്‌തിക്കായി നൽകി” ഡബ്ല്യുഎഫ്‌ഐ മേധാവി പറഞ്ഞു. ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 28ന് ഡൽഹി പോലീസ് ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നു.

പ്രതിഷേധ ഗുസ്‌തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷകരുടെ യോഗത്തിന് മുന്നോടിയായി ജന്തർ മന്തറിലും ഡൽഹി അതിർത്തിയിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ച് ഖാപ് മഹാപഞ്ചായത്ത് തീരുമാനമെടുക്കാനുള്ള സമയപരിധി മെയ് 21 ആയി പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾ നിശ്ചയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here