കൂലി ചോദിച്ചതിന് മനസികാസ്വാസ്ഥ്യമുള്ള തൊഴിലാളിയെ ക്രൂരമായി മര്‍ദിച്ചു. തിരുവനന്തപുരം കളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ബെല്‍സിയുടെ ഭര്‍ത്താവ് ജയചന്ദ്രന്‍ ആണ് മനസികാസ്വാസ്ഥ്യമുള്ള തൊഴിലാളിയെ പരസ്യമായി റോഡിലിട്ട് മര്‍ദിച്ചത്. ഇയാളുടെ ഇഷ്ടികച്ചൂളയിലെ തൊഴിലാളിയാണ് നാല്‍പ്പതുകാരനായ അജിയെന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവ്.
അജിക്ക് കൂലിയിനത്തില്‍ ജയചന്ദ്രന്‍ പതിനായിരം രൂപയോളം നല്‍കാനുണ്ട്. പല തവണയായി കാശ് ചോദിച്ചു ചെന്നെങ്കിലും നല്‍കിയില്ല. കഴിഞ്ഞ ദിവസം വൈകിട്ട് വീണ്ടും ജയചന്ദ്രനെ സമീപിച്ച അജി കാശ് ആവശ്യപ്പെട്ടു. നല്‍കാതെ വന്നപ്പോള്‍ ചീത്ത വിളിച്ചു. ഇതാണ് മര്‍ദനത്തിന് കാരണം.
മര്‍ദനത്തില്‍ അജിയുടെ കാലിന് പരുക്കേല്‍ക്കുകയും രക്തം വാര്‍ന്ന് ഒഴുകുകയും ചെയ്തു. മനോനില തെറ്റിയ ഒരാളെ പട്ടാപ്പകല്‍ പരസ്യമായി മര്‍ദിച്ചിട്ടും പൊലീസ് കേസെടുത്തില്ലെന്നും പരാതിയുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.