ജക്കാർത്ത: വിവാഹപൂർവ ലൈംഗിക ബന്ധം നിരോധിച്ച് നിയമം പാസാക്കി ഇന്തോനേഷ്യൻ സർക്കാർ. ഭർത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധം നിരോധിക്കുകയും വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് വ്യഭിചാരക്കുറ്റത്തിന് ഒരുവർഷം വരെ തടവുശിക്ഷ ലഭിക്കും. സ്വദേശികൾക്കും രാജ്യത്തെത്തുന്ന വിദേശികൾക്കും നിയമം ബാധകമാണ്. ഏകപക്ഷീയമായാണ് പാർലമെന്റ് നിയമം പാസാക്കിയത്.
പ്രസിഡന്റിനെ അപമാനിക്കുന്നതും ക്രിമിനൽ കുറ്റമാക്കി. ബില്ലിന്മേൽ നടന്ന ചർച്ചയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ നിയമ ഭേദഗതിയിൽ ചരിത്രപരമായ തീരുമാനമെടുത്തെന്നും കൊളോണിയൽ ക്രിമിനൽ കോഡ് ഉപേക്ഷിക്കാൻ സമയമായെന്നും നിയമമന്ത്രി യാസോന ലാവോലി, പാർലമെന്റിൽ പറഞ്ഞതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. 2019ൽ നടപ്പാക്കാൻ ശ്രമിച്ച് കടുത്ത എതിർപ്പിനെ തുടർന്ന് മാറ്റിവെച്ച ബില്ലാണ് വീണ്ടും പാസാക്കിയത്.
വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക. വിചാരണ കോടതിയിൽ വിചാരണ ആരംഭിക്കും മുമ്പേ പരാതികൾ പിൻവലിക്കാമെന്നും പറയുന്നു. മൂന്ന് വർഷം മുമ്പും ഈ നിയമം പാസാക്കാൻ നീക്കം നടന്നെങ്കിലും രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് അന്ന് ബില്ലിനെതിരെ തെരുവിലിറങ്ങിയത്.
പ്രസിഡന്റിനെയോ സർക്കാർ സ്ഥാപനങ്ങളെയോ അപമാനിക്കുകയോ ഇന്തോനേഷ്യൻ മൂല്യത്തിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്നതും കുറ്റകരമാക്കി. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. സ്ത്രീകൾ, മതന്യൂനപക്ഷങ്ങൾ, എൽജിബിടി വിഭാഗം എന്നിവരോട് വിവേചനം വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയ നിയമം വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള ഇന്തോനേഷ്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക വ്യാവസായിക രംഗത്തുള്ളവർ പ്രകടിപ്പിച്ചു.