IPL 2023: റോയല്‍സിനെ ഞെട്ടിച്ച് എസ്ആര്‍എച്ച്,

0
68

ജയ്പൂര്‍: തുടര്‍ച്ചയായി രണ്ടാം തവണയും ഐപിഎല്ലിന്റെ പ്ലേഓഫ് കളിക്കുകയെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് സണ്‍റൈസഴ്‌സ് ഹൈദരാബാദ്. അവസാന ബോളിലേക്കു നീണ്ട ഹൈ സ്‌കോറിങ് ത്രില്ലറില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരബാദ് റോയല്‍സിനെ നാലു വിക്കറ്റിനു സ്തബ്ധരാക്കുകയായിരുന്നു. റോയല്‍സ് ഉറപ്പായും ജയിക്കുമെന്ന കളിയാണ് ഉറപ്പിച്ച അവിശ്വസനീയ ബാറ്റിങിങിലൂടെ ഹൈദരാബാദ് തട്ടിയെടുത്തത്. 215 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ഹൈദരാബാദിനു റോയല്‍സ് നല്‍കിയത്.

ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവസാന ബോളില്‍ ഹൈദരാബാദ് നാടകീയ വിജയം കുറിക്കുകയായിരുന്നു. ബൗണ്ടറിയായിരുന്നു അവസാന ബോളില്‍ ഹൈദരാബാദിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. സന്ദീപ് ശര്‍മയ്‌ക്കെതിരേ സിക്സര്‍ പായിച്ച് അബ്ദുള്‍ സമദ് റോയല്‍സിനെ സ്തബ്ധരാക്കി. സ്‌കോര്‍- റോയല്‍സ് രണ്ടിനു 214, ഹൈദരാബാദ് ആറിനു 217. അഭിഷേക് ശര്‍മ (55), രാഹുല്‍ ത്രിപാഠി (47), അന്‍മോല്‍പ്രീത് സിങ് (33), ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (26), ഗ്ലെന്‍ ഫിലിപ്‌സ് (25), അബ്ദുള്‍ സമദ് (17*) എന്നിവരെല്ലാം ഹൈദരബാദിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

നേരത്തേ ടോസിനു ശേഷം ഒരിക്കല്‍ക്കൂടി ബാറ്റ് ചെയ്യാനുള്ള സഞ്ജു സാംസണിന്റെ തീരുമാനം ഇത്തവണ പിഴച്ചില്ല. വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് റോയല്‍സ് 214 റണ്‍സെന്ന വലിയ ടോട്ടലിലെത്തിയത്. ഫോമിലേക്കു തിരിച്ചെത്തിയ ജോസ് ബട്‌ലര്‍ ടീമിന്റെ അമരക്കാരനായപ്പോള്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച് സഞ്ജു മികച്ച പിന്തുണ നല്‍കുകയും ചെയ്തു. 95 റണ്‍സാണ് ബട്‌ലര്‍ സ്‌കോര്‍ ചെയ്തത്. അര്‍ഹിച്ച സെഞ്ച്വറി അദ്ദേഹത്തിനു അഞ്ചു റണ്‍സ് മാത്രമകലെ നഷ്ടമാവുകയായിരുന്നു. വെറും 59 ബോളിലാണ് 10 ഫോറും നാലു സിക്‌സറുമടക്കം ബട്‌ലര്‍ 95ലെത്തിയത്. സഞ്ജുവാകട്ടെ 66 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയും ചെയ്തു. 38 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു സിക്‌സറുകളും നാലു ഫോറും പറത്തി. യശസ്വി ജയ്‌സ്വാള്‍ 35 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഏഴു റണ്‍സും നേടി. ജയ്‌സ്വാള്‍- ബട്‌ലര്‍ ജോടി വളരെ മികച്ച തുടക്കമായിരുന്നു റോയല്‍സിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 54 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. 30 ബോളുകളിലായിരുന്നു ഇത്. ബട്‌ലറെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌സ്വാള്‍ ഏറ്റെടുക്കുകയായിരുന്നു. ജയ്‌സ്വാളിനെ പുറത്താക്കി മാര്‍ക്കോ യാന്‍സണാണ് ഹൈദരാബാദിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. 18 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം 35 റണ്‍സെടുത്ത താരത്തെ ടി നടരാജന്റെ കൈകളിലെത്തിക്കുകയായിരുന്നു.

തുടര്‍ന്നു ക്രീസിലെത്തിയ സഞ്ജു ബട്‌ലര്‍ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 138 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. ഇതോട റോയല്‍സ് 200 പ്ലസ് റണ്‍സ് ഉറപ്പിക്കുകയും ചെയ്തു. 33 ബോളുകളില്‍ നിന്നും സഞ്ജു ഇതിനിടെ സീസണിലെ മൂന്നാം ഫിഫ്റ്റി പൂര്‍ത്തിയാക്കിയിരുന്നു.

ടോസിനു ശേഷം നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ വന്‍ തോല്‍വിയേറ്റുവാങ്ങിയ ടീമില്‍ ചില മാറ്റങ്ങളോടെയാണ് റോയല്‍സ് ഇറങ്ങിയത്. ദേവദത്ത് പടിക്കല്‍ പുറത്തായപ്പോള്‍ പകരം ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ടീമിലേക്കു വന്നു. അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. ട്രെന്റ് ബോള്‍ട്ട് പ്ലെയിങ് ഇലവനില്‍ ഇല്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മറുഭാഗത്തു ഹൈദരാബാദ് ടീമിലും മാറ്റങ്ങളുണ്ടായിരുന്നു. മോശം ഫോമിലുള്ള ഹാരി ബ്രൂക്കിനെ തഴഞ്ഞ ഹൈദരാബാദ് പകരം ഗ്ലെന്‍ ഫിലിപ്‌സിനെ കളിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here