ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി ഇന്ത്യൻ ഇതിഹാസ ബാറ്റർ വിരാട് കോഹ്ലി. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമാണ് കോഹ്ലി. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 12 റൺസെടുത്തപ്പോഴാണ് കോഹ്ലി ഈ നാഴികക്കല്ല് മറികടന്നത്.
ഡൽഹിക്ക് എതിരായ മത്സരത്തിന് മുമ്പ് ഇന്ത്യൻ പ്രീമിയർ ലീഗിൽ 233 മത്സരങ്ങളിൽ നിന്ന് 36.61 ശരാശരിയിൽ 6988 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്ന് 376 റൺസ് നേടിയ കോഹ്ലി മികച്ച ഫോമിലാണുള്ളത്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ റൺ വേട്ടക്കാരനായ വിരാട് കോഹ്ലി 2016ൽ നേടിയ 973 റൺസ് ഇപ്പോഴും തകർക്കപ്പെടാത്ത ലീഗ്-റെക്കോർഡാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 5 സെഞ്ചുറികളും 46 അർധസെഞ്ചുറികളും നേടിയ കോഹ്ലിയുടെ മികച്ച സ്കോർ 113 ആണ്. 16 മത്സരങ്ങളിൽ നിന്ന് 22.73 ശരാശരിയിൽ 341 റൺസ് മാത്രം നേടിയ കോഹ്ലിയുടെ കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു 2022.
നീണ്ട നാളത്തെ മോശം ഫോമിനൊടുവിൽ കഴിഞ്ഞ വർഷം ഏഷ്യാ കപ്പിൽ അഫ്ഗാനെതിരെ തന്റെ കന്നി ടി20 സെഞ്ച്വറി നേടിയതിന് ശേഷമാണ് വിരാട് കോഹ്ലി വീണ്ടും പഴയ ട്രാക്കിലെത്തിയത്. ബംഗ്ലാദേശിനെതിരായ സെഞ്ചുറിയോടെ 2022 പൂർത്തിയാക്കിയ അദ്ദേഹം 2023ന്റെ തുടക്കത്തിൽ ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ രണ്ട് സെഞ്ചുറികളുമായി കുതിപ്പ് തുടങ്ങി.
അതേസമയം, നടപ്പ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി 49 പന്തിൽ 82 റൺസെടുത്ത കോഹ്ലി ഐപിഎല്ലിലെ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു.