മെല്‍ബണ്‍: ഓസ്ട്രേലിയ സിഡ്നിയിലെ റോസ്‌ഹില്ലിലുള്ള ബി.എ.പി.എസ് സ്വാമി നാരായണ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ ആക്രമണം.
ക്ഷേത്രത്തിന്റെ ചുവരില്‍ അക്രമികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളെഴുതി. മതിലില്‍ ഖാലിസ്ഥാന്‍ പതാകയും കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെയായിരുന്നു ആക്രമണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഈ വര്‍ഷം തന്നെ, മെല്‍ബണിലെ മൂന്നും ബ്രിസ്ബെയ്നിലെ രണ്ടും ക്ഷേത്രങ്ങള്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ ആക്രമിച്ചിരുന്നു. മേയ് 24ന് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സിഡ്നിയില്‍ എത്താനിരിക്കെയാണ് ആക്രമണം. മാര്‍ച്ചില്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനോട് ഓസ്ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നതിലെ ആശങ്ക മോദി അറിയിച്ചിരുന്നു. ഇത്തരം ആക്രമണങ്ങള്‍ അനുവദിക്കില്ലെന്നും നിയമത്തിന്റെ എല്ലാ വശങ്ങളും ഉപയോഗിച്ച് അക്രമികളെ നേരിടുമെന്നും ആല്‍ബനീസ് മോദിക്ക് ഉറപ്പ് നല്‍കിയിരുന്നു.