ഐപിഎല്ലിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെയാണ് നേരിടുക. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്‌റ്റേഡിയമാണ് ഇന്നത്തെ മത്സരത്തിന്റെ വേദി. നിലവിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ് ഗുജറാത്ത്.
രാജസ്ഥാനാവട്ടെ നാലാമതും. ഇന്നത്തെ മത്സരം വിജയിച്ചാൽ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തും. ടൂർണമെന്റിന്റെ തുടക്കത്തിൽ മികച്ച പ്രകടനവുമായി മുന്നേറിയിരുന്ന റോയൽസിന് ഇടയ്ക്ക് കാലിടറിയിരുന്നു. അവസാന മത്സരത്തിൽ ബൗളിംഗിലെ ഉദാസീനത ടീമിനെ തോൽവിയിലേക്ക് നയിച്ചതോടെ വിമർശനം ഉയർന്നിരുന്നു.
എന്നാൽ ഇന്ന് ഈ കുറവുകളെല്ലാം നികത്തി രാജകീയമായി തന്നെ പോയിന്റ് പട്ടികയിൽ മുന്നിലെത്താനാവാനും റോയൽസ് ശ്രമിക്കുക. മികച്ച തുടക്കം ലഭിച്ചിട്ടും വലിയ ഇന്നിംഗ്‌സ് ആക്കി മാറ്റാൻ കഴിയാത്ത സഞ്ജു ഇന്ന് ഫോമിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മറുവശത്ത് ഗുജറാത്തിന് ഇന്ന് ജയിച്ചാൽ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന മത്സരത്തിൽ ഗുജറാത്തിനോട് തോറ്റെങ്കിലും ഹർദികിനെയും സംഘത്തെയും എഴുതി തള്ളാൻ കഴിയില്ല. ബാറ്റിംഗ് നിരയിൽ സ്ഥിരമായ ആരെയും ആശ്രയിക്കാതെ മുന്നോട്ട് പോവുന്ന ഗുജറാത്ത് ബൗളിംഗ് ശക്തമാണ്. ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ജയം രാജസ്ഥാനൊപ്പമായിരുന്നു. വൈകീട്ട് 7.30നാണ് മത്സരം നടക്കുക.