ന്യൂഡല്‍ഹി
ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ കേന്ദ്രസേനകളെ വിന്യസിക്കണമെന്ന കല്‍ക്കട്ടാ ഹൈക്കോടതി ഉത്തരവിന് എതിരായ സംസ്ഥാനസര്‍ക്കാര്‍ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി.
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈക്കോടതി ഉത്തരവെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, മനോജ്മിശ്ര എന്നിവര്‍ അംഗങ്ങളായ അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ന്യായീകരിക്കാനാകില്ല. തെരഞ്ഞെടുപ്പിനു പിന്നാലെ സംഘര്‍ഷമെന്ന സാഹചര്യം ആവര്‍ത്തിക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദുഅധികാരിയുടെ ഹര്‍ജിയിലാണ് കല്‍ക്കട്ടാ ഹൈക്കോടതി പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്രസേനകളെ വിന്യസിക്കാൻ അപേക്ഷിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചത്.