‘നീതിക്കുവേണ്ടി തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നു’.

0
57

ദില്ലി: ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര രംഗത്ത്. നീതിക്കുവേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. രാജ്യത്തിനായി അത്യധ്വാനം ചെയ്തവരാണവർ. ഓരോ പൗരന്‍റേയും അഭിമാനത്തെ സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് കാണുന്നത്. വൈകാരികമായ വിഷയമാണ്. സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും അധികൃതർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കായിക താരങ്ങള്‍ക്കെതിരെ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ ഇന്നലെ രംഗത്തുവന്നിരുന്നു. തെരുവില്‍ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പ ടി ഉഷ വിമര്‍ശിച്ചു. ബ്രിജ് ഭൂഷണെതിരെ കായിക താരങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോള്‍  ഗുസ്തി ഫെഡറേഷന്‍റെ  ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒളിമ്പിക് അസോസിയേഷന്‍ മൂന്നംഗ അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങള്‍ക്ക് കായിക രംഗത്ത് നിന്നടക്കം പിന്തുണയേറുമ്പോഴാണ് ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയുടെ വിമര്‍ശനം. സമരം കടുത്ത അച്ചടക്ക ലംഘനമാണ്. രാജ്യത്തിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിരിക്കുന്നു. ഇത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും വാര്‍ത്ത ഏജന്‍സിയോട് പി ടി ഉഷ പറഞ്ഞു.  ഉഷയുടെ നിലപാട് ഞെട്ടിച്ചെന്ന് സമരം ചെയ്യുന്ന ഗുസ്തി താരം ബജ്രംഗ് പുനിയ പ്രതികരിച്ചു. കായിക താരങ്ങളുടെ സമരം കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുവന്ന് വ്യക്തമാക്കുന്നതാണ് ഗുസ്തി ഫെഡറേഷനിലെ ഒളിമ്പിക് അസോസിയേഷന്‍റെ ഇടപെടല്‍.  പുതിയ ഭരണ സമിതി നിലവില്‍ വരുന്നത് വരെ മൂന്നംഗ അഡഹോക് കമ്മിറ്റിക്ക് ചുമതല നല്‍കിയിരിക്കുകയാണ്. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണെ മാറ്റിയിട്ടില്ല. താന്‍ നിരപരാധിയാണെന്നും, ആരോപണവിധേയനായി കഴിയുന്നതിലും ഭേദം മരണമാണെന്നും ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചു.

ബ്രിജ് ഭൂഷണെതിരെ കായിക താരങ്ങള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധമാണെന്ന് ദില്ലി പോലീസ് അറിയിച്ചെങ്കിലും ഭൂഷണെതിരെ ഇനിയും കേസെടുത്തിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന്  വ്യക്തമാക്കണമെന്ന് കോടതി ദില്ലി പോലീസിനും സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here