മുഖ്യമന്ത്രിയെ ഹൃദയപൂര്‍വം സ്വീകരിച്ച് അര്‍ജന്റീന അംബാസിഡര്‍;

0
75

ന്യൂഡല്‍ഹി: ഖത്തര്‍ ലോകകപ്പിൽ അർജന്റീനയെ നെഞ്ചിലേറ്റിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിൽ ഹൃദയപൂർവ്വം സ്വീകരിച്ച് അർജന്റീന അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബി. കേരളം നൽകിയ പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. മാനവ വികസന സൂചികയിലും സാമൂഹിക വികസന സൂചികയിലും മാതൃകയായ കേരളത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രകൃതി ഭംഗി ഏറെ ആകർഷിച്ചതായി ജി 20 സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയ അനുഭവം പങ്കുവച്ച് അദ്ദേഹം പറഞ്ഞു.

മലയാളികൾ അർജന്റീനയെ ഏറെ സ്നേഹിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫുട്ബോൾ കളിയോടുള്ള സ്നേഹം രാജ്യങ്ങളെ തമ്മിൽ അടുപ്പിക്കുന്ന നല്ല അനുഭവമാണിത്. അർജന്റീന ലോക ഫുട്ബോളിനു നൽകിയ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ഏറെ ഫുട്ബോൾ പ്രേമികൾ ഉള്ള കേരളത്തിൽ പുരുഷ – വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് അർജന്റീനയുടെ സഹായം അദ്ദേഹം അഭ്യർത്ഥിച്ചു.

അംബാസിഡറെ മുഖ്യമന്ത്രി കേരളത്തിലേയ്ക്ക് ക്ഷണിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാ അംബാഡർമാരെയും മുഖ്യമന്ത്രി കേരളം സന്ദർശിക്കുന്നതിന് ക്ഷണിച്ചു.

അംബാസിഡർ ഓഫ് ചിലി ജുവാൻ ആം ഗ്യുലോ, ചീഫ് സെക്രട്ടറി വി പി ജോയ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യുട്ടി വേണു രാജാമണി, റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ, ജനറൽ സെക്രട്ടറി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഷാജി പ്രഭാകരൻ, ഫുട്ബോൾ താരം ഐ എം വിജയൻ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ
വൈസ് പ്രസിഡന്റ് കല്യാൺ ചൗബേ , കേരളത്തിൽ നിന്നുള്ള വിവിധ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here