തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെ സുധാകരന്‍റെ തുറന്ന കത്ത്. മതവും രാഷ്ട്രീയവും ബിജെപി കൂട്ടിക്കലര്‍ത്തുന്നെന്ന് കെ സുധാകരൻ കത്തില്‍ പറയുന്നു. മതം അധികാരത്തിന്‍റെ ചവിട്ടുപടിയായി കരുതുന്നവര്‍ക്ക് എന്ത് മതേതരത്വം എന്നായിരുന്നു സുധാകരന്‍റെ ചോദ്യം.
മദര്‍ തെരേസയുടെ ഭാരതരത്ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ബിജെപി. ചിലരോടൊപ്പം ചിലരുടെ വികസനം എന്ന മുദ്രവാക്യമാണ് ബിജെപി നടപ്പാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ സുധാകരൻ, എന്തുകൊണ്ട് മൈത്രീ സന്ദര്‍ശനത്തിൽ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയതെന്നും ചോദിച്ചു. പിണറായിയെ കേന്ദ്ര ഏജൻസികൾ തൊടില്ലെന്നും സുധാകരൻ വിമര്‍ശിച്ചു. ലൈഫ് മിഷൻ, സ്വര്‍ണക്കടത്ത് കേസുകളിൽ മുഖ്യപ്രതിയാകേണ്ടയാളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു. കൊടകര കുഴൽപ്പണക്കേസ് ഒത്തുതീര്‍പ്പാക്കി. പ്രധാനമന്ത്രിക്ക് ചുവപ്പുപരവതാനി വിരിക്കുമ്പോൾ ബിജെപി സിപിഎം ബന്ധം കൂടുതൽ ഊഷ്മളമാകുമെന്നും കെ സുധാകരൻ വിമര്‍ശിച്ചു
കേരളത്തിലെ മുസ്ലീം, ക്രിസ്ത്യന്‍ വീടുകളില്‍ ബിജെപിക്കാര്‍ കയറിയിറങ്ങുന്ന അപൂര്‍വ സാഹചര്യത്തിലാണല്ലോ ബഹുമാന്യനായ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം. ബിജെപിയുടെ കേന്ദ്രനേതൃത്വം തയാറാക്കിയ തിരക്കഥ പ്രകാരമാണ് ഈ ഉദ്യമം എന്നാണ് അറിയുന്നത്. ഏറ്റവും ഒടുവില്‍ കേട്ടത് മുസ്ലീംകളുടെ സന്ദര്‍ശനം ഒഴിവാക്കിയെന്നാണ്. കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്നിലധികമുള്ള ഒരു ജനവിഭാഗത്തെ എന്തുകൊണ്ടാണ് മൈത്രീസന്ദര്‍ശനത്തില്‍നിന്ന് ഒഴിവാക്കിയതെന്ന് അങ്ങു കേരളത്തിലെത്തുമ്പോള്‍ വിശദീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
മുസ്ലീംജന വിഭാഗത്തോട് അങ്ങയുടെ സര്‍ക്കാരും പാര്‍ട്ടിയും ഗുജറാത്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചെയ്തു കൂട്ടിയ കൊടുംക്രൂരതകള്‍ കാരണം അവരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണോ? അതോ അവര്‍ മുഖംതിരിക്കുമെന്ന ഭയമാണോ? എന്‍ആര്‍സി നടപ്പാക്കല്‍, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, ഗുജറാത്ത് കലാപം, അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍ നിയമം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ പൊള്ളുന്ന വിഷയങ്ങളില്‍ നീതിനിര്‍വഹണവും ക്ഷമായാചനവും ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പും നല്കിയാല്‍ അങ്ങയുടെ കേരള സന്ദര്‍ശനം ചരിത്രസംഭവമായിരിക്കും.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപിയുടെ ലോക്‌സഭയിലെയും രാജ്യസഭയിലേയും 400 ഓളം എംപിമാരില്‍ ഒരൊറ്റ മുസ്ലീംപോലും ഇല്ലെന്നത് അങ്ങയെ അലോസരപ്പടുത്തുന്നില്ലേ? ബിജെപി ഭരിക്കുന്ന ഒന്നരഡസനോളം സംസ്ഥാനങ്ങളിലും ഇതുതന്നെയല്ലേ അവസ്ഥ? ഏറ്റവും കൂടുതല്‍ മുസ്ലീംകളുള്ള മൂന്നാമത്തെ രാഷ്ട്രമായ ഇന്ത്യ ഭരിക്കുന്ന അങ്ങയുടെ മന്ത്രിസഭയില്‍ ഒരു മുസ്ലീം പ്രാതിനിധ്യം നല്കാമായിരുന്നില്ലേ? പ്രവാചകനെ അപമാനിച്ച ബിജെപി വക്താക്കളുടെ അധമത്വത്തിനെതിരേ ലോകവ്യാപകമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും അങ്ങയുടെ ശബ്ദം ഉയര്‍ന്നില്ലല്ലോ.