കേപ്പ് ടൗണ്‍: 20 വര്‍ഷത്തോളമായി വംശനാശം സംഭവിച്ചുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന സിംഹത്തെ കണ്ടെത്തി. ആഫ്രിക്കയിലെ ഛാഡില്‍ സേന ഔറ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് സിംഹത്തെ കിട്ടിയത്.
ഛാഡ് സര്‍ക്കാരിന്റെയും ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും സംരക്ഷകരുടെയും സംഘമാണ് സിംഹത്തിന്റെ ഫോട്ടോ പുറത്തുവിട്ടത്.
അഞ്ച് വയസ് പ്രായമുള്ള ആരോഗ്യവതിയായ പെണ്‍സിംഹത്തിന്റെ ചിത്രമാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. സിംഹം ഒറ്റയ്ക്കായിരിക്കില്ലെന്ന് ഉറപ്പുള്ളതായി ബിഗ് ക്യാറ്റ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലൂക്ക് ഹണ്ടര്‍ പറഞ്ഞു. സംരക്ഷിത മേഖലയില്‍ നിന്ന് റിമോട്ട് ക്യാമറയില്‍ പകര്‍ത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തുവിട്ടത്. ആഫ്രിക്കയില്‍ ഏകദേശം 22,000-24,000 സിംഹങ്ങള്‍ കാട്ടില്‍ അവശേഷിക്കുന്നുണ്ടെന്നും ഹണ്ടര്‍ പറഞ്ഞു. അവയില്‍ ഭൂരിഭാഗവും കിഴക്ക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.