അഞ്ചരക്കണ്ടി: കനത്തവേനലില്‍ പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സുകള്‍ വറ്റിവരണ്ടതോടെ പലേരിമെട്ടയില്‍ കുടിവെള്ളക്ഷാമം രൂക്ഷം.
പടുവിലായി, ഊര്‍പ്പള്ളി, ചാലുപറമ്ബ്, മാമ്ബ, മുഴപ്പാല, കീഴല്ലൂര്‍, പലേരി, ബാവോഡ് ഭാഗങ്ങളിലെ പുഴകളും തോടുകളും കിണറുകളുമൊക്കെ വറ്റിയ നിലയിലാണ്.
പൈപ്പ് ലൈന്‍ വഴി കുടിവെള്ളം കിട്ടാതായതോടെ പലേരിമെട്ട ഭാഗത്തുള്ളവര്‍ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലമര്‍ന്നു. മൂന്നാഴ്ചയിലധികമായി ഈ ഭാഗത്ത് പൈപ്പ് ലെന്‍ വഴി ജലവിതരണം നിലച്ചിട്ട്. ഇരുപതിലധികം കുടുംബങ്ങളാണ് ഇവിടെ കുടിവെള്ളം കിട്ടാതെ വിഷമത്തിലായത്. പല വീടുകളിലും കിണറുകളില്ല. പൈപ്പ്ലൈന്‍ മാത്രമാശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുമുണ്ട്.
മറ്റു സമയങ്ങളില്‍ പൈപ്പിലൂടെ വെള്ളം കിട്ടിയിരുന്നെങ്കിലും വേനല്‍ രൂക്ഷമായ സമയത്ത് വെള്ളംകിട്ടാതെ വരുന്നത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്ന് പ്രദേശത്തെ കുടുംബങ്ങള്‍ പരാതിപ്പെട്ടു. ജല അതോറിറ്റി അധികൃതരെ വിളിച്ചറിയിച്ചിട്ടും ജലവിതരണം ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കീഴല്ലൂര്‍ ഡാമിനോട് ചേര്‍ന്നുള്ള പുഴയും വറ്റിവരണ്ട സ്ഥിതിയാണ്. ഈ പ്രദേശങ്ങളിലുള്ളവര്‍ അലക്കുന്നതിന്നും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പുഴയാണ് വറ്റിയിരിക്കുന്നത്.
പടുവിലായി, കീഴല്ലൂര്‍ ഭാഗങ്ങളിലെ തോടുകളും വറ്റിവരണ്ടു. കൃഷി ആവശ്യങ്ങള്‍ക്ക് കൂടുതലായും വെള്ളം എടുക്കുന്നത് ഈ തോടുകളില്‍ നിന്നാണ്. വേനല്‍ ചൂട് ഉയര്‍ന്നതോടെ കര്‍ഷകര്‍ക്കും ഏറെ പ്രയാസമായിരിക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള വീടുകളിലെ കിണറുകളിലെല്ലാം തന്നെ വെള്ളം വളരെ കുറവാണ്. മിക്ക വീട്ടുകാരും വെള്ളമുള്ള കിണറുകളിലെ വീട്ടുകാരെ ആശ്രയിച്ചാണ് വെള്ളം ശേഖരിക്കുന്നത്. വരും ദിവസങ്ങളില്‍ ചൂട് കനത്താല്‍ വെള്ളത്തിന് കൂടുതല്‍ പ്രയാസം നേരിടേണ്ടി വരുമെന്ന പേടിയിലാണ് ഒരുകൂട്ടം നാട്ടുകാര്‍.