ചേര്‍ത്തല: സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കൂടുതല്‍ ഊര്‍ജം പകര്‍ന്ന് ചേര്‍ത്തലയില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ യാഥാര്‍ത്ഥ്യമാക്കിയ മെഗാ ഫുഡ് പാര്‍ക്ക് ഇന്ന് നാടിന് സമര്‍പ്പിക്കും.
ചേര്‍ത്തല പള്ളിപ്പുറത്ത് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യ-സംസ്‌ക്കരണ വ്യവസായ മന്ത്രി പശുപതി കുമാര്‍ പരസും സംയുക്തമായി മെഗാഫുഡ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. കൃഷി മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയാകും. എ.എം ആരിഫ് എം.പി, ദലീമ എം.എല്‍.എ,ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
ചേര്‍ത്തലയിലെ പള്ളിപ്പുറത്തുള്ള കെ.എസ്.ഐ.ഡി.സിയുടെ വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍84.05 ഏക്കറില്‍ 128.49 കോടി രൂപ ചെലവഴിച്ചാണ് മെഗാഫുഡ് പാര്‍ക്ക് സ്ഥാപിച്ചത്. പാര്‍ക്കിന്റെ ഒന്നാം ഘട്ടമായ 68 ഏക്കര്‍ പൂര്‍ണമായും ഉദ്ഘാടനത്തിന് സജ്ജമാണ്. അടിസ്ഥാന വികസന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി പൂര്‍ണമായും യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചിട്ടുണ്ട്. 68ഏക്കറില്‍ റോഡ്, വൈദ്യുതി,മഴവെള്ള നിര്‍മാര്‍ജന ഓടകള്‍,ജലവിതരണ സംവിധാനം,ചുറ്റുമതില്‍, ഗേറ്റ്, സെക്യൂരിറ്റി ക്യാബിന്‍ മുതലായ അടിസ്ഥാന സൗകര്യങ്ങളും സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി, കോമണ്‍ ഫെസിലിറ്റി സെന്റര്‍, വെയര്‍ ഹൗസ് ഉള്‍പ്പെടെയുള്ള പ്രോസസിങ് ഫെസിലിറ്റികളുടെയും നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
മെഗാ ഫുഡ് പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മറ്റു അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള സ്ഥലം ഒഴികെ ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ ശാലകള്‍ക്ക് അനുവദിക്കാനുള്ള 55.27 ഏക്കര്‍ സ്ഥലത്തില്‍ നിലവില്‍ 31യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിക്കുകയും അതില്‍ 12യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തിട്ടുണ്ട്. ഈ യൂണിറ്റുകളില്‍ ഇതുവരെ 600 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി.
മത്സ്യ ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കെ.എസ്.ഐ.ഡി.സി നിര്‍മിച്ചിരിക്കുന്ന നൂതനമായ പാര്‍ക്ക് കേരളത്തിലെ ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരും. ഈ പാര്‍ക്കിലെ യൂണിറ്റുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമ്ബോള്‍ 1000കോടി രൂപയുടെ നിക്ഷേപവും3000 ത്തോളം തൊഴിലവസരങ്ങളുമാണ് ഉണ്ടാകുക.
മലിനജല സംസ്‌ക്കരണ ശാലയും കോള്‍ഡ് സ്റ്റോര്‍, ഡീപ് ഫ്രീസര്‍,ഡിബോണിങ് യൂണിറ്റ് എന്നിവ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ഏജന്‍സിയെ നിയമിച്ചിട്ടുണ്ട്. വൈപ്പിന്‍,തോപ്പുംപടി, മുനമ്ബം എന്നീ സ്ഥലങ്ങളില്‍ പ്രാഥമിക സംസ്‌ക്കരണ ശാലകള്‍ തുടങ്ങുന്നുണ്ട്. അതില്‍ വൈപ്പിന്‍,തോപ്പുംപടി സംസ്‌കരണശാലകളുടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. മെഗാ ഫുഡ് പാര്‍ക്കിന്റെ രണ്ടാം ഘട്ടത്തില്‍ 16 ഏക്കറില്‍ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുകയാണ്.
കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന മെഗാഫുഡ് പാര്‍ക്കിന്റെ പദ്ധതി അടങ്കല്‍ തുക 128.49 കോടി രൂപയാണ്. ഇതില്‍ 50 കോടി രൂപ കേന്ദ്ര സഹായവും 72.49 കോടി രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള വിഹിതവും ആറ് കോടി രൂപ ലോണുമാണ്. പദ്ധതിക്ക് നാളിതുവരെ 100.84 കോടി രൂപയാണ് ചെലവഴിച്ചത്. മെഗാ ഫുഡ് പാര്‍ക്ക് കേരളത്തിന്റെ ഭക്ഷ്യ സംസ്‌ക്കരണമേഖലയില്‍ പുതിയ നാഴികക്കല്ലാകും. സംസ്ഥാനത്തെ മത്സ്യ- അനുബന്ധ തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കും. 2017 ജൂണ്‍ 11നാണ് പാര്‍ക്കിന് ശിലയിട്ടത്.