ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഹിന്ദുവാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെയും ഹിന്ദുവെന്ന് വിളിക്കണം. എന്തുകൊണ്ടാണ് തന്നെ അഹിന്ദുവെന്ന് വിളിക്കുന്നതെന്നും ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ വിശേഷിപ്പിക്കുന്ന പദമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.
ഹിന്ദുവെന്ന് വിളിക്കുന്നത് ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിലല്ല. ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ബിബിസി ഡോക്യുമെന്ററി വിവാദത്തിലും ഗവര്‍ണര്‍ പ്രതികരിച്ചു. എന്തുകൊണ്ടാണ് ബ്രിട്ടീഷ് അതിക്രമങ്ങളെ കുറിച്ച് അവര്‍ ഡോക്യുമെന്ററി ചെയ്യാത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ ഗവര്‍ണര്‍ പ്രശംസിച്ചിരുന്നു. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍പെട്ട കാര്യമാണ്. താന്‍ വിമര്‍ശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളില്‍ മാത്രമാണ്. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തിന്റെ ജോലിയല്ല താന്‍ ചെയ്യുന്നത്. ഇത് എന്റെ കൂടെ സര്‍ക്കാരാണ്. എനിക്ക് ചില കടപ്പാടും കടമയുമുള്ള സര്‍ക്കാരാണിതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. റിപ്പബ്ലിക് ദിന പ്രസംഗത്തിലും സംസ്ഥാന സര്‍ക്കാരിനെ ഗവര്‍ണര്‍ പ്രശംസിച്ചിരുന്നു. ആരോഗ്യ മേഖലയില്‍ കേരളം വലിയ നേട്ടങ്ങളുണ്ടാക്കിയെന്നും കേരളത്തിന്റെ കാര്‍ഷിക പദ്ധതികള്‍ ഭക്ഷ്യ സുരക്ഷയും കര്‍ഷകര്‍ക്ക് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനെയും ലൈഫ് പദ്ധതിയേയും പ്രകീര്‍ത്തിച്ച അദ്ദേഹം സാമൂഹിക സുരക്ഷയിലെ കേരള മികച്ച മാതൃക ലോകത്തിന് തന്നെ പ്രചോദനമായെന്നും ചൂണ്ടിക്കാട്ടിയിരുന്നു.