മുടപുരം: തെങ്ങ് പിഴുത് വീടിന് മുകളിലേക്ക് വീണു. ഷീറ്റില്‍ തടഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. അഴൂര്‍ പഞ്ചായത്തിലെ മുട്ടപ്പലം മാര്‍ക്കറ്റ് ജംഗ്ഷന് സമീപമുള്ള പിഞ്ചമുക്കിലെ വിളയില്‍ വീട്ടില്‍ ഷായുടെ വീടിന് മുകളിലേക്കാണ് തെങ്ങ് പിഴുത് വീണത്.
ഞായറാഴ്ച രാത്രി 10.30നായിരുന്നു സംഭവം.
റോഡരുകില്‍ സ്ഥിതിചെയ്യുന്ന വീടിന് മുകളില്‍ റോഡ് കഴിഞ്ഞു എതിര്‍വശത്തെ പുരയിടത്തില്‍ നിന്ന 15 മീറ്ററിലധികം നീളമുള്ള തെങ്ങാണ് മൂട് പിഴുത് നിലംപതിച്ചത്. വീടിന് മുകളില്‍ മെറ്റല്‍ ഷീറ്റ് ഘടിപ്പിച്ചിരുന്നതിനാല്‍ അതില്‍ തടഞ്ഞ് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ഷായും കുടുംബവും വീടിനുള്ളില്‍ ഉണ്ടായിരുന്നു. വന്‍ ശബ്ദത്തോടെയാണ് തെങ്ങ് ഷീറ്റിന് മുകളില്‍ പതിച്ചത് രാത്രി തന്നെ കെ.എസ്.ഇ.ബി ജീവനക്കാരും ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സും എത്തിയെങ്കിലും തെങ്ങ് മുറിച്ചുമാറ്റാന്‍ കഴിഞ്ഞില്ല.ഇന്നലെ രാവിലെ 8ഓടെ മറ്റ് തൊഴിലാളികള്‍ എത്തിയാണ് തെങ്ങ് മുറിച്ചു മാറ്റിയത്.