രാമേശ്വരത്തുനിന്ന് ധനുഷ്‌കോടിയിലേക്കുള്ള റെയില്‍പ്പാത പുനര്‍നിര്‍മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് കേന്ദ്രത്തോട് തമിഴ്‌നാട്.പരിസ്ഥിതി ലോലപ്രദേശത്തുകൂടിയുള്ള തീവണ്ടിഗതാഗതം പ്രായോഗികമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്‍കിയ നിവേദനത്തില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.
ആറുപതിറ്റാണ്ടുമുമ്ബത്തെ ചുഴലിക്കൊടുങ്കാറ്റില്‍ തകര്‍ന്ന രാമേശ്വരം-ധനുഷ്‌കോടി പാതയും റെയില്‍വേ സ്റ്റേഷനും പുനര്‍നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്ക് റെയില്‍വേ തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ കേന്ദ്രബജറ്റില്‍ പാതയ്ക്ക് 385 കോടി രൂപ നീക്കിവെച്ചിരുന്നു. രാമേശ്വരത്തെ വന്‍കരയുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയ പാമ്ബന്‍പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച് പദ്ധതിയുടെ കാര്യത്തില്‍ പുനരാലോചന നടത്തണമെന്ന് സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. വിദഗ്ധാഭിപ്രായം എതിരാണെങ്കില്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാകണം. രാമേശ്വരത്തുനിന്ന് ധനുഷ്‌കോടിയിലേക്കു 18 കിലോമീറ്റര്‍ പാതയില്‍ അഞ്ചുകിലോമീറ്റര്‍മാത്രമാണ് തറനിരപ്പിലൂടെ പോവുക. കടലേറ്റസാധ്യത കണക്കിലെടുത്ത് 13 കിലോമീറ്റര്‍ പാത കാലുകളില്‍ ഉയര്‍ത്തിയാണ് പണിയുക.
പദ്ധതിക്കാവശ്യമായ സ്ഥലത്തില്‍ 28 ഹെക്ടര്‍ വനഭൂമിയാണ്. 43 ഹെക്ടര്‍ സംസ്ഥാനസര്‍ക്കാരിന്റെയും നാല് ഹെക്ടര്‍ സ്വകാര്യവ്യക്തികളുടെയും കൈവശമാണ്. ശ്രീലങ്കയിലേക്കുള്ള ചരക്കുനീക്കം എളുപ്പമാക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരാണ് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ധനുഷ്‌കോടിയിലേക്ക് റെയില്‍പ്പാത നിര്‍മിച്ചത്.