പാലക്കാട്: ഏഴുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഹൈക്കോടതിവിധിയെ തുടര്‍ന്ന് പാലക്കാട് നഗരസഭയില്‍ 73 ശുചീകരണ തൊഴിലാളികള്‍ സ്ഥിരനിയമനത്തോടെ ജോലിയില്‍ പ്രവേശിച്ചു.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള 39 പേരും ബാക്കിയുള്ള ഒഴിവില്‍ ഡിഎല്‍ആര്‍ തൊഴിലാളികളെയുമാണ് നിയമിച്ചത്. ഇവരെ ആരോഗ്യവിഭാഗത്തിന്റെ ആറ് ഡിവിഷനുകളിലേക്ക് വിന്യസിച്ചു.
2016ല്‍ ആരംഭിച്ച കേസില്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി തൊഴിലാളികളെ നിയമിക്കാന്‍ 2019ല്‍ ഉത്തരവായിട്ടും ബിജെപി ഭരണസമിതി ഇഷ്ടക്കാരെയും ബിഎംഎസ് തൊഴിലാളികളെയും പിന്‍വാതിലിലൂടെ നിയമിച്ചു. ഇതേത്തുടര്‍ന്ന് ഉത്തരവുമായി തൊഴിലാളികള്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തു. തുടര്‍ന്നാണ് 2022 ഒക്ടോബറില്‍ സ്ഥിര നിയമനം നല്‍കണമെന്ന് അനുകൂല വിധിയുണ്ടായത്.
എന്നിട്ടും ബിജെപി ഭരണസമിതി മെല്ലെപ്പോക്ക് തുടര്‍ന്നു. നിയമനം വൈകുന്നതിനെതിരെ ഉദ്യോഗാര്‍ഥികള്‍ കോടതിയില്‍ പോകുമെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് ഫെബ്രുവരിയില്‍ കൗണ്‍സിലില്‍ അജന്‍ഡയായി അംഗീകരിച്ചത്. ഒന്നാം തീയതിമുതല്‍ നിയമനം നല്‍കി. തിങ്കളാഴ്ച തൊഴിലാളികള്‍ ഒപ്പിട്ട് ജോലിയില്‍ പ്രവേശിച്ചു. പൊതുപ്രവര്‍ത്തകനായ മുരളി കാരക്കാടാണ് ഹൈക്കോടതിയില്‍ തൊഴിലാളികള്‍ക്കായി പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
1982ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് നഗരസഭയ്ക്ക് കീഴിലുള്ള ശുചീകരണ തൊഴിലാളികളെ നിയമിക്കേണ്ടത് എപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനെയാണ്. ഇത് കാറ്റില്‍ പറത്തിയാണ് ഇക്കാലയളവില്‍ ബിജെപി ഭരണസമിതി ജോലിക്ക് ഇഷ്ടക്കാരെ നിയോഗിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.