പശു സംരക്ഷണസേന എന്ന സംഘടനയുടെ നേതാവായ പുനീത് കേരെഹള്ളിയും കൂട്ടാളികളുമാണ് കസ്റ്റഡിയിലുള്ളത്. പുനീതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മാണ്ഡ്യയില്‍നിന്ന് കന്നുകാലികളുമായി വരികയായിരുന്ന ഇദ്രിസിനെ പുനീതും സംഘവും വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കന്നുകാലികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ അനുമതി രേഖകള്‍ കാണിച്ചപ്പോള്‍ ഇവര്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ഇദ്രിസിന്‍റെ കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്.
അതു നല്‍കാന്‍ വിസമ്മതിച്ചതോടെ മര്‍ദനം തുടങ്ങുകയായിരുന്നു. വാഹനത്തില്‍നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ടുപോയ ഇദ്രിസിനെ വൈകിട്ടോടെ സാതന്നൂരിലെ വിജനമായ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാണ്ഡ്യയില്‍ നിന്നുള്ള വഴിയില്‍ പലവട്ടം ഇവര്‍ ഇദ്രിസിന്‍റെ വാഹനത്തെ പിന്തുടര്‍ന്നിരുന്നതായും പറയപ്പെടുന്നു. യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ വിവിധ മുസ്‌ലിം സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പുനീതിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ ഇദ്രിസിന്‍റെ ബന്ധുക്കളും വിവിധ സംഘടനാ പ്രവര്‍ത്തകരും സാതന്നൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.