മലപ്പുറം: ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തനം കേന്ദ്ര വനിത ശിശുവികസന മന്ത്രാലയത്തിന് കീഴില്‍നിന്ന് സംസ്ഥാനങ്ങളുടെ പരിധിയിലേക്ക് മാറ്റുന്നു.
ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ‘മിഷന്‍ വാത്സല്യ’ എന്ന പദ്ധതിയിന്‍ കീഴിലേക്കാണ് മാറ്റുന്നത്. സ്വതന്ത്രസംവിധാനമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്‌ലൈനില്‍ ഇതോടെ കാതലായ മാറ്റം വരും. ചൈല്‍ഡ്‌ലൈന്‍ എന്ന പേര് മാറി ‘ചൈല്‍ഡ് ഹെല്‍പ് ലൈന്‍’ എന്നാകും. കലക്ടറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ശിശു സംരക്ഷണ യൂനിറ്റാകും ജില്ലയിലെ കുട്ടികളുടെ സേവന വിതരണവും പരിചരണവും സംരക്ഷണവും ഉറപ്പാക്കാനുള്ള നോഡല്‍ ഏജന്‍സി.
‘മിഷന്‍ വാത്സല്യ സ്കീം’ പ്രകാരം കുട്ടികളുടെ സംരക്ഷണലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശിശു സംരക്ഷണ നിയമങ്ങളും പദ്ധതികളും പ്രവര്‍ത്തനങ്ങളും ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (ഡി.സി.പി.യു) നടപ്പാക്കും. ജില്ല മജിസ്‌ട്രേറ്റിന്റെ മൊത്തത്തിലുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (സി.എച്ച്.എല്‍) യൂനിറ്റ് സേവനം മുഴുവന്‍ സമയവും ലഭ്യമാകും. കുട്ടികള്‍ക്ക് അടിയന്തര, ദീര്‍ഘകാല പരിചരണ പുനരധിവാസ സേവനങ്ങളുമായി ബന്ധപ്പെട്ട ഔട്ട്‌റീച്ച് സേവനവും നല്‍കും.
കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യുമ്ബോള്‍ ഈ യൂനിറ്റുകള്‍ ഓരോന്നും 2015ലെ ജെ.ജെ നിയമപ്രകാരം പ്രവര്‍ത്തിക്കണം. 2021ല്‍ ഭേദഗതി ചെയ്ത വ്യവസ്ഥകളും പാലിക്കണം. മെച്ചപ്പെട്ട ഏകോപനത്തിനും നിരീക്ഷണത്തിനുമായി നിലവിലുള്ള ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുകളില്‍ ‘ചൈല്‍ഡ് ഹെല്‍പ് ലൈന്‍’ യൂനിറ്റിന് ഇടം നല്‍കാനും നിര്‍ദേശമുണ്ട്.
ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ആശങ്കയില്‍
മലപ്പുറം: ചൈല്‍ഡ്‌ലൈന്‍ പുതിയ സംവിധാനത്തിലേക്ക് വരുമ്ബോള്‍ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് നിലവിലുള്ള പല ജീവനക്കാരും. തീരുമാനം സംസ്ഥാന സര്‍ക്കാറുകളാണ് എടുക്കേണ്ടത്. എന്‍.ജി.ഒകളുടെ സഹകരണത്തോടെയാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തിച്ചിരുന്നത്. പുതിയ സംവിധാനത്തിലേക്ക് മാറുമ്ബോള്‍ എന്‍.ജി.ഒകളെ പൂര്‍ണമായി ഒഴിവാക്കി.
നിലവിലെ സ്റ്റാഫ് പാറ്റേണില്‍ കാര്യമായ മാറ്റമില്ല. യൂനിറ്റുകളില്‍ പ്രഫഷനല്‍ ബിരുദാനന്തര ബിരുദമുള്ള ഒരു കൗണ്‍സലറെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, കൗണ്‍സലിങ് കേസുകളുടെ എണ്ണം കൂടുതലായതിനാല്‍ കൂടുതല്‍ പേരെ വേണമെന്ന് ആവശ്യം നിലനില്‍ക്കുന്നുണ്ട്. 1098 നമ്ബറില്‍ സഹായമാവശ്യപ്പെട്ട് വിളിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ സന്നദ്ധരായി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ തീരുമാനങ്ങള്‍ വരുന്നതോടെ ജോലി എന്താകുമോയെന്ന ആശങ്ക പരന്നതിനാല്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ ജില്ല കോഓഡിനേറ്റര്‍മാരടക്കം 91 പേരാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി ഉപേക്ഷിച്ചത്.
പോക്സോ കേസുകളെ ബാധിക്കാന്‍ സാധ്യത
നിരവധി കേസുകളിലെ പരാതിക്കാരും പോക്സോ കേസുകളിലെ പ്രധാന സാക്ഷികളുമാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെന്നതിനാല്‍ അവരുടെ ജോലി പോകുന്നതോടെ നിയമനടപടികള്‍ അനിശ്ചിതത്വത്തിലാകുമോയെന്ന ആശങ്കയും ശക്തമാണ്. എല്ലാ ജില്ലയിലും പ്രതിമാസം ശരാശരി 15 പോക്സോ കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൈല്‍ഡ്‌ലൈന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനാലാണ് പല കേസുകളും വെളിച്ചത്തുവരുന്നത്.