കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപത്തെ എഴുന്നള്ളിച്ച് ആറ്റുകാല്‍ അമ്മയ്ക്ക് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ചടങ്ങാണിത്.
കാര്‍ഷിക സംസ്‌കൃതിയെ ഭക്തിയുമായി സമന്വയിപ്പിക്കുന്ന അനുഷ്ഠാനപ്രധാനമായ കെട്ടുകാഴ്ചയാണ് ‘കതിരുകാള’
വിളവെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി കറ്റ കൊണ്ടുണ്ടാക്കിയ ചെറിയ കാളയെ തോളിലേറ്റി, നൃത്തം വച്ച് അമ്പലത്തിലേക്ക് കൊണ്ടുപോകുന്ന രീതിയിലാണ് കതിരുകാള എന്ന സങ്കല്‍പ്പം ഉടലെടുത്തതെന്ന് പറയപ്പെടുന്നു. തിരുവനന്തപുരം നഗരത്തിലെ വഞ്ചിയൂര്‍ പുത്തൻറോഡ് നിവാസികളാണ് രണ്ടു പതിറ്റാണ്ടിലേറെയായി കതിരുകാളയെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വഞ്ചിയൂര്‍ ഏലാ (വയല്‍) അപ്രത്യക്ഷമായെങ്കിലും ആചാരം ഇന്നും തുടരുന്നു. കാലത്തിനനുസരിച്ച് ആചാരങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വന്നുവെന്ന് മാത്രം.
എട്ടടി ഉയരവും നാലടി വണ്ണവുമുണ്ടാകും കതിരുകാളയ്ക്ക്.വ്രതാനുഷ്ഠാനങ്ങളോടെ കതിര്‍കറ്റകള്‍ കൊണ്ടുവരുന്നത്. കറ്റ വിതച്ച് കതിരാക്കി, കതിര്‍ മണികള്‍ കൊണ്ട് മാല കെട്ടി, അളവനുസരിച്ച് വെട്ടി വച്ചുപിടിപ്പിക്കുന്നു. ഒരാഴ്ച്ച നീളുന്ന ഒരുക്കങ്ങള്‍ ചെയ്യുന്നത് 21 ദിവസത്തെ വ്രതമെടുത്താണ്. കതിരുകാളയുടെ മുഖത്തിന്റെ മാതൃക ഒരു ശില്‍പിയുടെ കരവിരുതിലാണ് തയ്യാറുക്കുന്നത്. കതിരുകാളയ്ക്ക് മുഖമായി ചാര്‍ത്തുന്നു. നെല്‍ക്കതിര്‍ ഒഴികെയുള്ള ചാര്‍ത്തുകള്‍ (സാമഗ്രികള്‍) നാട്ടുകാര്‍ സ്വരൂപിക്കുന്നവയാണ്. പൊങ്കാല ഉത്സവത്തിനുശേഷം ഈ സാമഗ്രികള്‍ ക്ഷേത്രത്തില്‍ നിന്നും ലേലത്തില്‍ തിരിച്ചു വാങ്ങുകയാണ് പതിവ്. കതിരു മാത്രമേ എല്ലാവര്‍ഷവും പുതുതായി ഉപയോഗിക്കാറുള്ളൂ. വഞ്ചിയൂരില്‍ നിന്നും ചെണ്ടമേളത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ കതിര്‍കാള എഴുന്നള്ളത്ത് പുറപ്പെടുന്നു.
വഞ്ചിയൂര്‍ പ്രദേശത്ത് ഊരുചുറ്റി നാട്ടുകാരെയെല്ലാം വണങ്ങിയശേഷമാണ് കതിരുകാള യാത്രയാവുന്നത്. ആറ്റുകാല്‍ ദേവിയുടെ പിതൃതുല്യനായ ശ്രീകണ്ഠശ്വരം മഹാദേവന്റെ മുന്നിലെത്തി അനുവാദം വാങ്ങി യാത്ര തുടരുന്നു.
പോകുന്ന വഴിയിലെ ചെട്ടികുളങ്ങര (തമ്പാനൂർ) ദേവീക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം എന്നിവയുള്‍പ്പെടെ എല്ലാ അമ്പലങ്ങളിലെയും മൂര്‍ത്തികളെ വന്ദിച്ചാണ് കതിരുകാള കടന്നുപോകുന്നത്. രാത്രിയോടെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് എത്തിച്ചേരും.