തിരുവനന്തപുരം: മദ്യവില കൂട്ടിയ ശേഷം സംസ്ഥാനത്തെ ബാറുകളും മദ്യ വില്പനശാലകളും ഇന്ന് തുറക്കും. വിലവർധന ഇന്നലെയാണ് പ്രാബല്യത്തിൽ വന്നതെങ്കിലും ഒന്നാം തീയതി ആയതിനാൽ ബാറുകളും മദ്യശാലകളും തുറന്നിരുന്നില്ല. സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയത്തിനാലാണ് മദ്യവില ഉയർന്നത്.
500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിൽ ഉള്ളതിന് 40 രൂപയും കൂടും എന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. എന്നാൽ, ബിവറേജസ് കോർപ്പറേഷൻ വിറ്റുവരവ് നികുതി കൂടി ഏർപ്പെടുത്തിയതോടെ മദ്യവിലയിൽ ഇതിനുപുറമേ 10 രൂപയുടെ കൂടി വർദ്ധനയുണ്ടായി.
ഇതോടെ, 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 30 രൂപയും ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 50 രൂപയാണ് വർധിക്കുക. വില കൂട്ടിയത് നഷ്ടം മറികടക്കാനെന്നാണ് ബിവറേജസ് കോർപറേഷൻ വിശദീകരണം.
കഴിഞ്ഞ ഡിസംബര്‍ പതിനേഴിന് 10 മുതല്‍ 20 രൂപവരെ വില കൂടിയതിന് പിന്നാലെയാണ് പുതിയ വര്‍ധന. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്, പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിനുവേണ്ടിയാണ് ഈ വര്‍ധനയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇതിന്റെ മുകളിലാണ് ബെവ്കോ വീണ്ടും വില കൂട്ടുന്നത്.