പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നു നിർവഹിച്ചു. നാല് മണിയോടെ വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ സ്റ്റാലിനും പിണറായിയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഉദ്‌ഘാടന വേദിയിലേക്കെത്തിയത്. വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷത്തിന് ക്ഷണിച്ചതിൽ സ്റ്റാലിൻ നന്ദി പറഞ്ഞു.
വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാണെന്നും എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു. വൈക്കം സത്യഗ്രഹം തമിഴ്നാട്ടിലും മാറ്റമുണ്ടാക്കി. വൈക്കത്ത് എത്തണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്നും അതിനാലാണ് മന്ത്രിസഭാ യോഗം ചേരുന്ന സമയമായിരുന്നിട്ടും പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയതെന്നും അദ്ദേഹം പറഞ്ഞു.