പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും

0
63

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയുമായ തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് മന്ത്രി കെ.രാജന്‍. പാര്‍ക്കിലെ നിര്‍മാണപുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

അതിവേഗം പൂര്‍ത്തീകരിക്കുന്ന രാജ്യത്തെ ആദ്യ മൃഗസംരക്ഷണ കേന്ദ്രം കൂടിയാണ് പുത്തൂരിലേതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രശസ്ത ഓസ്‌ട്രേലിയന്‍ മൃഗശാല ഡിസൈനര്‍ ജോന്‍ കോ ഡിസൈന്‍ ചെയ്ത പാര്‍ക്കിന് രാജ്യത്തെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയെന്ന പ്രത്യേകത കൂടിയുണ്ട്.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗീസ്, ഡയറക്ടര്‍ ആര്‍. കീര്‍ത്തി, തൃശൂര്‍ ഡി.എഫ്.ഒ: സി.വി. രാജന്‍, സി.പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ശാശ്വത് ഗോര്‍, സുവോളജിക്കല്‍ പാര്‍ക്ക് എ.സി.എഫ്: നിബു കിരണ്‍, പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണി ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മേയ് പകുതിയോടെ ബയോഡൈവേഴ്‌സിറ്റി പാര്‍ക്ക് കൂടി പൂര്‍ത്തീകരിക്കും. സിംഹം, പുലി, കടുവ, സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍ ഉഭയജീവികള്‍ ഉള്‍പ്പെടെ 64 ഇനങ്ങളിലായി 511 ജീവികളെയും അപൂര്‍വയിനം പക്ഷിമൃഗാദികളെയും തൃശൂര്‍ മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെ തിരുവനന്തപുരം മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും എത്തിക്കും. നെയ്യാറില്‍ നിന്നും രണ്ട് കടുവകളെ അടുത്ത ആഴ്ചയോടെ പാര്‍ക്കില്‍ എത്തിക്കും. സീബ്ര, ജിറാഫ്, ആഫ്രിക്കന്‍ മാനുകള്‍, അനാകോണ്ട എന്നിവയെ പുറം രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും രണ്ട് തരം കരടികളെയും ഏജന്‍സികള്‍ മുഖാന്തരവും എത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ജൂലായ് മുതല്‍ ആരംഭിക്കുന്ന മൃഗങ്ങളുടെ മാറ്റം ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും.

306 കോടി രൂപയുടെ പദ്ധതിയില്‍ 269 കോടി രൂപ കിഫ്ബിയുടെ ധനസഹായമാണ്. വനത്തിന്റെ സ്വാഭാവികത നിലനിറുത്തിക്കൊണ്ട് 24ഓളം ആവാസ ഇടങ്ങളില്‍ 8 ആവാസ വ്യവസ്ഥകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 30 ലക്ഷം പേര്‍ പാര്‍ക്കില്‍ വന്നു പോകുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here