ചെന്നൈ: വിനോദ സഞ്ചാരകേന്ദ്രമായ വെല്ലൂര്‍ കോട്ട സമുച്ചയത്തില്‍ സുഹൃത്തിനൊപ്പമെത്തിയ യുവതിയുടെ ഹിജാബ് അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്തയാള്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍.
കെ. സന്തോഷ്(23), സി. പ്രശാന്ത്(23), ഇംറാന്‍പാഷ(24), മുഹമ്മദ് ഫൈസല്‍(21) തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്.
പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ചൈല്‍ഡ് കെയര്‍ ഹോമിലേക്ക് മാറ്റി. മാര്‍ച്ച് 27ന് ഉച്ചക്കുശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ ഭീഷണിപ്പെടുത്തി ഹിജാബ് അഴിച്ചുമാറ്റുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്നാണ് വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ പരാതിയിന്‍മേല്‍ വെല്ലൂര്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളില്‍ വിവാദ വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.