പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് അഭിനന്ദനം അര്‍പ്പിച്ച് ബി ജെ പി പ്രവര്‍ത്തകര്‍.

0
62

ഇടുക്കി: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് അഭിനന്ദനം അര്‍പ്പിച്ച് ബി ജെ പി പ്രവര്‍ത്തകര്‍. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കാന്‍ പി എ മുഹമ്മദ് റിയാസിന്റെ ഓഫീസ് അടിയന്തരമായി ഇടപെട്ടതിനെ തുടര്‍ന്നാണ് ബി ജെ പി പ്രവര്‍ത്തകര്‍ അഭിനന്ദനവുമായി രംഗത്തെത്തിയത്. ലഡു വിതരണം ചെയ്തായിരുന്നു ബി ജെ പി പ്രവര്‍ത്തകരുടെ അഭിനന്ദനം.

റോഡ് നന്നാക്കണം എന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇവിടെ നിരന്തരം സമരം നടത്തിയിരുന്നു. ഇത് കൂടാതെ തകര്‍ന്ന് കിടക്കുന്ന റോഡിന്റെ ഫോട്ടോയും പത്രവാര്‍ത്തകളും സഹിതം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി എടുക്കും എന്ന് പി എ മുഹമ്മദ് റിയാസ് മറുപടിയും നല്‍കി.

പിന്നാലെ റോഡില്‍ അറ്റകുറ്റപണിയും തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തത്. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിരുന്ന അശോക കവല മുതല്‍ മൂലമറ്റം വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികളാണ് മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് ആരംഭിച്ചത്. സ്ഥിരം കുഴിയുണ്ടാകുന്ന മൂലമറ്റം ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തും സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ സമീപവും ടൈല്‍ വിരിക്കും.

ബാക്കി ഭാഗത്തെ കുഴിയടയ്ക്കുകയും ചെയ്യും. ഈ പണികളാണ് ഇപ്പോള്‍ ആരംഭിക്കാന്‍ തീരുമാനമായിരിക്കുന്നത്. അതേസമയം കുഴിയടയ്ക്കുന്ന ജോലി മഴ മാറിയ ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ റോഡ് നേരത്തെ തന്നെ കരാര്‍ നല്‍കിയിരുന്നു എന്നും ഈ ജോലികളാണ് നടക്കുന്നത് എന്നും പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here