മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ മുഖേന ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഏപ്രില്‍ ആദ്യ വാരം നടക്കും.
ആദ്യ വിമാനം മേയ് 21ന് പുറപ്പെടുമെന്നതിനാല്‍ തുടര്‍നടപടികള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വേഗത്തിലാക്കും. നറുക്കെടുപ്പോടെ തീര്‍ത്ഥാടകര്‍ ആദ്യ ഗഡുവും പിന്നാലെ രണ്ടാം ഗഡുവും പാസ്പോര്‍ട്ടും സമര്‍പ്പിക്കണം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ പകുതിയോടെ വിസ സ്റ്റാംമ്ബിംഗ് തുടങ്ങിയേക്കും.
സംസ്ഥാനങ്ങളിലെ മുസ്‌ലീം ജനസംഖ്യക്ക് ആനുപാതികമായാണ് ഹജ്ജ് ക്വോട്ട. അപേക്ഷകള്‍ കുറവായ സംസ്ഥാനങ്ങളിലെ ഒരു വിഹിതവും ലഭിച്ചേക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 19,531 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ 70 വയസിന് മുകളിലുള്ളവരും സഹായികളുമായി 1,462 പേര്‍ക്കും മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ 2,799 പേര്‍ക്കും നറുക്കില്ലാതെ അവസരം ലഭിക്കും. ആകെ 4,261 പേര്‍ക്ക്. ജനറല്‍ കാറ്റഗറിയില്‍ 15,270 അപേക്ഷകരുണ്ട്. 11,951 പേര്‍ കരിപ്പൂരും 4,124 പേര്‍ കൊച്ചിയും 3,456 പേര്‍ കണ്ണൂരുമാണ് തിരഞ്ഞെടുത്തത്.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഹജ്ജ് നയപ്രകാരം സ്വകാര്യ ക്വോട്ട 35,005 ആയി കുറഞ്ഞിട്ടുണ്ട്. 2019 മുതല്‍ 45,000 ആയിരുന്നു ക്വോട്ട. 70% സീറ്റ് ഹജ്ജ് കമ്മിറ്റികള്‍ക്കും 30% സ്വകാര്യ ഹജ്ജ് സംഘങ്ങള്‍ക്കും അനുവദിക്കുന്നതിന് പകരം ഇത്തവണ 80:20 അനുപാതമാക്കി. വി.ഐ.പി ക്വോട്ട നിറുത്തലാക്കി. സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ മുഖേനയുള്ള അപേക്ഷകര്‍ക്ക് ഇത് സഹായകമാവും.
‘നറുക്കിന് പിന്നാലെ മറ്റ് നടപടികള്‍ വേഗത്തിലാക്കും. 250 തീര്‍ത്ഥാടകര്‍ക്ക് ഒരു ട്രെയിനറെ നിയോഗിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള ട്രെയിനിംഗ് വൈകാതെ മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി സെന്ററില്‍ നടക്കും”- എ.പി.അബ്ദുള്ളക്കുട്ടി, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍.