പ്രതിഷേധ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കീറിഞെറിഞ്ഞ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 99 രൂപ പിഴ വിധിച്ച് ഗുജറാത്ത് കോടതി. വാംസദായില്‍ നിന്നുള്ള എംഎല്‍എ ആനന്ദ് പട്ടേലിനാണ് ശിക്ഷ വിധിച്ചത്. പിഴ തുട അടയ്ക്കാത്ത പക്ഷം ഏഴ് ദിവസം ജയില്‍ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.2017ല്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമരത്തിനിടെ വൈസ് ചാന്‍സിലറുടെ ചേബംറില്‍ കടന്ന് പ്രധാനമന്ത്രിയുടെ ചിത്രം നശിപ്പിച്ചെന്ന കേസിലാണ് വിധി.
നവ്സാരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.എ ബാദലാണ് ആനന്ദ് പട്ടേല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. എം.എല്‍.എ ആനന്ദ് പട്ടേലിനും മറ്റ് ആറ് പേര്‍ക്കും എതിരെ ജലാല്‍പുര്‍ പോലീസ് 2017 മേയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐപിസി 447-ാം വകുപ്പ് പ്രകാരം പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ 500 രൂപയും മൂന്ന് മാസം ജയില്‍ശിക്ഷയും നല്‍കണമെന്ന് വാദിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളോടുള്ള രാഷ്ട്രീയ വിദ്വേഷമാണ് കേസിന് പിന്നിലുള്ളതെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിച്ചു.