നാടകാചാര്യൻ വിക്രമൻ നായർ (78) അന്തരിച്ചു. ആറരപ്പതിറ്റാണ്ടുനീണ്ട നാടകജീവിതത്തിനൊപ്പംതന്നെ സിനിമ, സീരിയൽ രംഗങ്ങളിലും അദ്ദേഹം തിളങ്ങി. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കുണ്ടൂപ്പറമ്പ് ‘കൃഷ്ണ’യിലായിരുന്നു താമസം.
ജനനംകൊണ്ട് മണ്ണാർക്കാട്ടുകാരനായ അദ്ദേഹത്തെ കോഴിക്കോട് സെയ്‌ന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാഭ്യാസകാലമാണ് നാടകത്തോട് അടുപ്പിക്കുന്നത്. 16 വയസ്സുമുതൽ കോഴിക്കോട്ടെ കലാസമിതിപ്രവർത്തകരുമായി സഹകരിച്ചുപോന്നിരുന്നു. കെ.ടി. മുഹമ്മദടക്കമുള്ള നാടകാചാര്യന്മാരോടൊപ്പം നാടകരംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.10,000-ത്തിലധികം വേദികളിലായി 53 പ്രൊഫഷണൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ വിക്രമൻ നായർ അഭിനയിച്ചിട്ടുണ്ട്. സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടക ട്രൂപ്പുകളിലും പ്രവർത്തിച്ചു.
ഭാര്യ: ലക്ഷ്മിദേവി. മക്കൾ: ദുർഗാ സുജിത്ത് (ഷാർജ), ഡോ. സരസ്വതി ശ്രീനാഥ്. മരുമക്കൾ: കെ.പി. സുജിത്ത് (അബുദാബി), കെ.എസ്. ശ്രീനാഥ് (ഖത്തർ). സഹോദരിമാർ: പരേതയായ സാവിത്രി, സുകുമാരി, വിനോദിനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.