കൊച്ചി: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ നിര്‍ണായക അറസ്റ്റ് ഉണ്ടാകുമെന്ന് കലാഭവന്‍ സോബി. കൊച്ചി സിബിഐ ഓഫിസില്‍ നുണ പരിശോധന പൂര്‍ത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഭാഗം സിബിഐയെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നാണ് കരുതുന്നതെന്നും തുടര്‍ നടപടികള്‍ വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബാലഭാസ്‌കറിന്റേത് ആസൂത്രിതമായ കൊലപാതകമാണ്. സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്നും സോബി ആരോപിച്ചു. അപകടത്തിന് മുന്‍പ് ബാലഭാസ്‌കിന്റെ വാഹനം ആക്രമിക്കപ്പെടുന്നത് കണ്ടുവെന്ന് കലാഭവന്‍ സോബി മൊഴി നല്‍കിയിരുന്നു.ഇതിലെ യാഥാര്‍ഥ്യം കണ്ടെത്താനാണ് സോബിയുടെ നുണ പരിശോധന നടത്തിയത്. നുണ പരിശോധനയ്ക്കായി ആദ്യം ഓഫിസില്‍ എത്തിയപ്പോള്‍ സംഘം അല്‍പം ഗൗരവമായാണ് പെരുമാറിയത്. ആദ്യഘട്ടം പിന്നിട്ട ശേഷം അവര്‍ വളരെ സ്നേഹത്തോടെ പെരുമാറി. പറഞ്ഞത് സത്യമെന്ന് ബോധ്യപ്പെട്ടതു കൊണ്ടാകും ഇതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെയും ഡല്‍ഹിയിലെയും ഫോറന്‍സിക് ലാബുകളിലെ പ്രത്യേക സംഘമാണ് കൊച്ചി സിബിഐ ഓഫീസിലെത്തി നുണ പരിശോധന നടത്തിയത്. സോബിയെ കൂടാതെ ബാലഭാസ്‌കറിന്റെ സുഹൃത്തായിരുന്ന വിഷ്ണു സോമസുന്ദരത്തിന്റെ നുണപരിശോധനയും ഇന്ന് നടന്നു. ബാലഭാസ്ക്കറിന്റെ മാനേജറായിരുന്ന പ്രകാശന്‍ തമ്ബിയും, സുഹൃത്തായിരുന്ന വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായതോടെയാണ് ബാലഭാസ്കറിന്റെ ബന്ധുക്കളടക്കം ഇരുവര്‍ക്കുമെതിരെ സംശയങ്ങള്‍ ഉന്നയിച്ചത്.
അപകട സമയത്ത് ബാലഭാസ്കറിന്റെ കൂടെ കാറില്‍ ഉണ്ടായിരുന്ന അര്‍ജുന്‍ മൊഴി മാറ്റിയത്തിലും ബന്ധുക്കള്‍ സംശയം ആരോപിച്ചിരുന്നു.താനല്ല ബാലഭാസ്കര്‍ ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അര്‍ജുനന്റെ വാദം. വൈരുദ്ധ്യം ഉള്ള ഈ മൊഴികളില്‍ വ്യക്തത വരുത്തുന്നതിന് ആയിട്ടാണ് ഡ്രൈവര്‍ അര്‍ജുനെയും നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്.