തിരുവനന്തപുരം
ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ദൗത്യം. കൂട്ടിയിടി ഒഴിവാക്കാന്‍ ക്രയോഘട്ടത്തെ ജ്വലിപ്പിച്ചും ദിശമാറ്റിയുമുള്ള പരീക്ഷണം.
വണ്‍വെബിന്റെ 36 ഉപഗ്രഹത്തെ കൃത്യമായി ബഹിരാകാശത്തെ ലക്ഷ്യത്തിലെത്തിച്ച് ഐഎസ്‌ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ഞായറാഴ്ച രാവിലെ ഒമ്ബതിനായിരുന്നു വിക്ഷേപണം. ഐഎസ്‌ആര്‍ഒയുടെ കരുത്തന്‍ റോക്കറ്റായ എല്‍വിഎം 3 റോക്കറ്റാണ് ഉപഗ്രഹങ്ങളുമായി കുതിച്ചത്. വിക്ഷേപണത്തിന്റെ പത്താം മിനിറ്റില്‍ ക്രയോജനിക് എന്‍ജിന്‍ പിഴവില്ലാതെ ജ്വലിച്ചു. പതിനെട്ടാം മിനിറ്റില്‍ ആദ്യബാച്ച് ഉപഗ്രഹങ്ങളെ 450 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലേക്ക് ഇറക്കിവിട്ടു.
തുടര്‍ന്ന് എട്ട് ഘട്ടമായി ബാക്കിയുള്ള ഉപഗ്രഹങ്ങളും നിശ്ചിത പഥം പിടിച്ചു. രാവിലെ 10.15 ഓടെ ദൗത്യം പൂര്‍ത്തിയായി. എല്ലാ ഉപഗ്രഹങ്ങളില്‍നിന്നുമുള്ള സിഗ്നലുകള്‍ ലഭിച്ചുതുടങ്ങിയതായി വണ്‍വെബ് അറിയിച്ചു. 5805 കിലോഗ്രാം ഭാരമുള്ള 36 ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം എല്‍വിഎം 3 റോക്കറ്റിന്റെയും തദ്ദേശീയമായ ക്രയോജനിക് സാങ്കേതിക വിദ്യയുടെയും വിശ്വാസ്യത വര്‍ധിപ്പിച്ചു. വിക്ഷേപണത്തിന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്, വിഎസ്‌എസ്സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണിക്കൃഷ്ണന്‍നായര്‍, എല്‍പിഎസ്സി ഡയറക്ടര്‍ ഡോ. വി നാരായണന്‍, മിഷന്‍ ഡയറക്ടര്‍ എസ് മോഹന്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
ചാന്ദ്രയാന്‍–-3
ദൗത്യം ജൂണില്‍
ചന്ദ്രനിലേക്കുള്ള ഐഎസ്‌ആര്‍ഒയുടെ മൂന്നാം ദൗത്യമായ ചാന്ദ്രയാന്‍ 3 വിക്ഷേപണം ജൂണ്‍–-ജൂലൈമാസത്തിലുണ്ടാകുമെന്ന് ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്. ഇതിനായുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയാണ് പദ്ധതി. ഐഎസ്‌ആര്‍ഒയ്ക്ക് തിരക്കേറിയ മാസങ്ങളാണ് വരുന്നത്. ‘ലോഞ്ച് ക്യാമ്ബയിന്‍’ പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ വിക്ഷേപണങ്ങളടക്കം ഇക്കൂട്ടത്തിലുണ്ട്.
അടുത്ത പിഎസ്‌എല്‍വി വിക്ഷേപണം ഏപ്രില്‍ 22 ന് നടക്കും. ജിഎസ്‌എല്‍വി മാര്‍ക്ക് 2 വിക്ഷേപണം മെയ് അവസാനം പ്രതീക്ഷിക്കാം. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഗഗന്‍യാന്‍ പദ്ധതിക്കു മുന്നോടിയായുള്ള ആളില്ലാ പരീക്ഷണ പറക്കലും ഈ വര്‍ഷമുണ്ടാകും.