മേരി കോമിന്റെ പിന്‍ഗാമിയായി നിഖാത്‌ , ലോവ്‌ലിനയ്‌ക്കും സ്വര്‍ണം

0
63

ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ്‌ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലിലെത്തി. 50 കിലോ വിഭാഗം ഫൈനലില്‍ നിഖാത്‌ സരീനും 75 കിലോ മിഡില്‍വെയ്‌റ്റ് ഫൈനലില്‍ ഒളിമ്ബ്യന്‍ ലോവ്‌ലിന ബോര്‍ഗോഹെയ്‌നും സ്വര്‍ണം നേടി.

വിയറ്റ്‌നാമിന്റെ നുയാന്‍ തി ടാമിനെയാണ്‌ നിഖാത്‌ തോല്‍പ്പിച്ചത്‌. ആധികാരികമായാണു നിഖാത്‌ (5-0) ഇന്ത്യയുടെ മൂന്നാം സ്വര്‍ണം നേടിയത്‌. ലോക ബോക്‌സിങ്‌ ചാമ്ബ്യന്‍ഷിപ്പിലെ താരത്തിന്റെ രണ്ടാം സ്വര്‍ണമാണിത്‌. 2022 ലോക ബോക്‌സിങ്‌ ചാമ്ബ്യന്‍ഷിപ്പിലും നിഖാത്‌ സ്വര്‍ണം നേടി. ലോക ബോക്‌സിങ്‌ ചാമ്ബ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ്‌ നിഖാത്‌ സരിന്‍. മേരി കോമാണ്‌ ലോക ബോക്‌സിങ്‌ ചാമ്ബ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത. 2022 കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും നിഖാത്‌ സരിന്‍ സ്വര്‍ണം നേടിയിരുന്നു. ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ 14 സ്വര്‍ണം നേടി. ആറെണ്ണം ഇതിഹാസ താരം മേരി കോമാണു നേടിയത്‌. 2002,2005, 2006,2008, 2010, 2018 സീസണുകളിലാണു മേരി കോം ചാമ്ബ്യനായത്‌. സരിതാ ദേവി, ജെന്നി ആര്‍.എല്‍., കെ.സി. ലേഖ എന്നിവര്‍ 2006 ലും സ്വര്‍ണം നേടി.
നിഖാത്‌ ഒന്നാം റൗണ്ടില്‍ ഏകപക്ഷീയമായി മുന്നേറി. രണ്ടാം റൗണ്ടില്‍ വിയറ്റ്‌നാം താരം തിരിച്ചടിച്ചു. 3-2 നാണ്‌ രണ്ടാം റൗണ്ട്‌ അവസാനിച്ചത്‌. നിര്‍ണായകമായ മൂന്നാം റൗണ്ടില്‍ വിയറ്റ്‌നാം താരത്തിനു പൊരുതാനായില്ല. 26 വയസുകാരിയായ നിഖാത്‌ ഈ വര്‍ഷം മുതലാണു ലൈറ്റ്‌ ഫ്‌ളൈവെയ്‌റ്റില്‍നിന്നു ഫ്‌ളൈവെയ്‌റ്റിലേക്കു മാറിയത്‌.
ഓസ്‌ട്രേലിയയുടെ കാറ്റ്‌ലിന്‍ പാര്‍കറിനെയാണു ലോവ്‌ലിന തോല്‍പ്പിച്ചത്‌. 5-2 നായിരുന്നു ലോവ്‌ലിനയുടെ ജയം. താരത്തിന്റെ ലോക ചാമ്ബ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണമാണ്‌. 2018, 2019 ചാമ്ബ്യന്‍ഷിപ്പുകളില്‍ വെങ്കലംേ നേടാനായി. ലോവ്‌ലിനയും പാര്‍കറും ഒന്നാം റൗണ്ടില്‍ ഇഞ്ചോടിഞ്ചു പോരാടി. ഇന്ത്യന്‍ താരം നേരിയ മുന്‍തൂക്കം നേടിയിരുന്നു. രണ്ടാം റൗണ്ടില്‍ പഞ്ചുകളിലൂടെ ആധിപത്യം നേടാന്‍ ലോവ്‌ലിനയ്‌ക്കായി. അപ്പര്‍ കട്ടുകളിലൂടെ പാര്‍കര്‍ മത്സരത്തില്‍ തിരിച്ചെത്തി. തുടരന്‍ സ്‌ട്രൈക്കുകളിലൂടെ ലോവ്‌ലിന രണ്ടാം റൗണ്ടിലും മുന്‍തൂക്കം നേടി. അവസാന റൗണ്ടില്‍ ലോവ്‌ലിനെയെ കോര്‍ണറിലേക്കു പുഷ്‌ ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ താരത്തിനായി. അതോടെ ആക്രമണത്തില്‍ തുടരാന്‍ ലോവ്‌ലിന നിര്‍ബന്ധിതയായി.
സാവീറ്റി ബൂറയും നിതു ഘന്‍ഘാസും ശനിയാഴ്‌ച സ്വര്‍ണം നേടിയിരുന്നു. 81 കിലോ വിഭാഗത്തിലാണ്‌ സവീറ്റി സ്വര്‍ണം നേടിയത്‌. ഫൈനലില്‍ ചൈനയുടെ വാങ്‌ ലിനയെ ഇടിച്ചു വീഴ്‌ത്തി സാവീറ്റി കരിയറിലെ ആദ്യ ലോക ബോക്‌സിങ്‌ ചാമ്ബ്യന്‍ഷിപ്പ്‌ സ്വര്‍ണം കഴുത്തിലണിഞ്ഞു. 2014 ലോക ചാമ്ബ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവാണു വാങ്‌ ലിന. 48 കിലോ വിഭാഗത്തിലാണു നിതു സ്വര്‍ണം നേടിയത്‌. മംഗോളിയയുടെ ലുറ്റ്‌സായ്‌ഖാന്‍ അല്‍റ്റാന്‍സെറ്റ്‌സെഗിനെ നിതു ഏകപക്ഷീയമായി ഇടിച്ചിട്ടു (5-0). 2022 ലെ സ്‌ട്രാന്‍ജ മെമ്മോറില്‍ സ്വര്‍ണ ജേതാവാണ്‌ നിതു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സ്വര്‍ണ മെഡല്‍ ജേതാവ്‌ കൂടിയായ നിതുവിന്റെ പഞ്ചുകള്‍ മംഗോളിയന്‍ താരത്തിനു ചെറുക്കാനായില്ല. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക്‌ 82 ലക്ഷം രൂപയാണു സമ്മാനമായി ലഭിക്കുക.
മെഡലുകളുടെ അടിസ്‌ഥാനത്തില്‍ ഇന്ത്യയുടെ ലോക ചാമ്ബ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച പ്രകടനമാണിത്‌. 2006 ലെ ചാമ്ബ്യന്‍ഷിപ്പില്‍ നാല്‌ സ്വര്‍ണം ഉള്‍പ്പെടെ എട്ട്‌ മെഡലുകള്‍ നേടിയതാണ്‌ ഏറ്റവും മികച്ച പ്രകടനം.

LEAVE A REPLY

Please enter your comment!
Please enter your name here