ബാസല്‍: സ്വിസ് ഓപണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ ഡബ്ള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരായി ചരിത്രം കുറിച്ച് സാത്വിക് സായ് രാജ് രന്‍കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും.
ഞായറാഴ്ച നടന്ന ഫൈനലില്‍ ചൈനയുടെ റെന്‍ സിയാങ് യൂ-ടാന്‍ ക്യുയാങ് സഖ്യത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-19, 24-22. രണ്ടാം സീഡുകളായ ഇന്ത്യന്‍ ജോടി ലോക 21ാം നമ്ബറുകാര്‍ക്കെതിരെ പ്രതിരോധത്തിലുറച്ചും അറ്റാക്കിങ് ഗെയിമിലേക്ക് മാറിയും നീണ്ട 54 മിനിറ്റ് പോരാട്ടത്തിനൊടുവിലാണ് പുരുഷ ഡബ്ള്‍സ് കിരീടധാരണം.
വനിത സിംഗ്ള്‍സില്‍ സൈന നെഹ്‍വാള്‍ (2011, 2012), പി.വി. സിന്ധു (2022), പുരുഷ സിംഗ്ള്‍സില്‍ കിഡംബി ശ്രീകാന്ത് (2015), എച്ച്.എസ്. പ്രണോയ് (2016), സമീര്‍ വര്‍മ (2018) എന്നിവര്‍ ഇതിനു മുമ്ബ് സ്വിസ് ഓപണ്‍ ജേതാക്കളായിട്ടുണ്ട്. ഹൈദരാബാദ് ഓപണ്‍ (2018), തായ്‍ലന്‍ഡ് ഓപണ്‍ (2019), ഇന്ത്യന്‍ ഓപണ്‍ (2022), ഫ്രഞ്ച് ഓപണ്‍ (2022) എന്നിവക്കുശേഷം റെഡ്ഡിയും ചിരാഗും നേടുന്ന പ്രധാന കിരീടമാണിത്. 2022ലെ കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്വര്‍ണ ജേതാക്കളുമായിരുന്നു ഇവര്‍.
തുടക്കത്തില്‍ ചിരാഗില്‍ നിന്നുണ്ടായ പിഴവ് ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും 3-1 ലീഡ് പിടിച്ചു. എന്നാല്‍, ശക്തമായി തിരിച്ചുവന്ന റെനും ടാനും ആദ്യ ഗെയിമില്‍ കളി 6-6ലെത്തിച്ചു. എന്നാല്‍, റെഡ്ഡിയുടെയും ചിരാഗിന്റെയും ആക്രമണവീര്യം 15-10 ലീഡിലേക്കും ഒരു വേള 18-13ലേക്കും എത്തിച്ചു. വ്യത്യാസം 18-17 വരെ കുറച്ച ശേഷമാണ് ചൈനീസ് സഖ്യം തോല്‍വി സമ്മതിച്ചത് (21-19). രണ്ടാം ഗെയിമിന്റെ തുടക്കം ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് കണ്ടത് റെന്നിന്റെയും ടാനിന്റെയും മുന്നേറ്റം. 8-8ല്‍ സമനില പിടിച്ചശേഷം ലീഡെടുത്ത് റെഡ്ഡിയും ചിരാഗും കുതിച്ചു.
11-11ലും 16-16ലും 20-20ലും എത്തിക്കാന്‍ ചൈനക്കാര്‍ക്ക് കഴിഞ്ഞു. തുടര്‍ന്ന് 21-22ലേക്ക് കയറി ഇന്ത്യന്‍ ക്യാമ്ബില്‍ അങ്കലാപ്പുണ്ടാക്കാനും ഇവര്‍ക്കായി. എന്നാല്‍, ചാമ്ബ്യന്‍ഷിപ് പോയന്റും കിരീടവും (24-22) കൈക്കലാക്കി റെഡ്ഡിയും ചിരാഗും.