ഭോജ്പുരി നടി ആകാംക്ഷാ ഡൂബെയെ വാരണാസിയിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് നടി വാരണാസിയിൽ എത്തിയത്. ആത്മഹത്യയാണിതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ഒരു വീഡിയോ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഹിലോരേ മാരേ എന്ന പ്രശസ്ത ഭോജ്പുരി ഗാനത്തിനൊപ്പം ആകാംക്ഷ ചുവടുവെയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. കണ്ണാടിയ്ക്ക് മുന്നിൽ നിന്നുള്ളതാണ് വീഡിയോ.
യേ ആരാ കഭീ ഹരാ നഹീ എന്ന് തുടങ്ങുന്ന തന്റെ പുതിയ ഗാനം പുറത്തുവന്ന അതേദിവസം തന്നെയാണ് ആകാംക്ഷയുടെ മരണവും സംഭവിച്ചത്. ഭോജ്പുരിയിൽ നിരവധി ആരാധകരുള്ള നടികൂടിയാണ് ആകാംക്ഷ. നടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.
ഭോജ്പുരി സിനിമാ മേഖലയിലെ ഡ്രീം ഗേൾ എന്നറിയപ്പെടുന്ന നടിയാണ് ആകാംക്ഷ. മിർസാപുരിലെ വിന്ധ്യാചലാണ് സ്വദേശം. മേരി ജങ് മേരാ ഫൈസ്ലാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. മുഝ് സേ ശാദി കരോ?ഗി, വീരോം കി വീർ, ഫൈറ്റർ കിങ്, കസം പൈദാ കർനേ കി 2 തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.