തൃശൂർ: കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലിയും കനത്ത മഴയും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. കോപ്ലിപ്പാടത്ത് ആയിരത്തോളം വാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു. ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകൾക്ക് തകരാർ സംഭവിച്ചു.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട ജില്ലയിലും നാളെ ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് രാത്രി കേരള തീരത്ത് രാത്രി 11.30 വരെ 0.5 മീറ്റർ മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തീരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.