കേരള മീഡിയ അക്കാദമി: പി.ജി.ഡിപ്ലോമ അപേക്ഷകള്‍ ഓഗസ്റ്റ് 14 വരെ

0
88

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക്  ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ്് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്സ്. പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് കോഴ്സ് ഈ  മേഖലയിലെ നൂതന പ്രവണതകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ്.  കോഴ്സിന്റെ പാഠ്യപദ്ധതിയില്‍ പ്രിന്റ്, ടെലിവിഷന്‍, സോഷ്യല്‍  മീഡിയ, അഡ്വര്‍ടൈസിംഗ് എന്നിവയും ഉള്‍പ്പെടുന്നു. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, മീഡിയ കണ്‍വര്‍ജന്‍സ്, മൊബൈല്‍ ജേണലിസം, കാമറ, എഡിറ്റിംഗ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്സാണ് ടെലിവിഷന്‍ ജേണലിസം.
കോഴ്സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മേയ് 31ന് 35 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് രണ്ടു വയസ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രവേശന പരീക്ഷ നടത്തുക. പരീക്ഷാ സെന്ററുകളില്‍ ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ വരുന്ന പക്ഷം പരീക്ഷാര്‍ഥികളെ   മുന്‍കൂട്ടി അറിയിക്കും.
അപേക്ഷാഫോറവും പ്രോസ്പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.
പൂരിപ്പിച്ച അപേക്ഷാഫോറം ഓഗസ്റ്റ് 14 ന് വൈകിട്ട് അഞ്ചിന് അകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: keralamediaacademy.gov@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here