സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ ഫെഫ്കയ്‌ക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. വിഷയത്തില്‍ ഫെഫ്ക ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്ക നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും ഐസിസി പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഫെഫ്ക ഇടപെടേണ്ട ആവശ്യമില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ശക്തമായ നടപടിയെടുക്കുമെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഫെഫ്ക നിലപാട് മാറ്റിയെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും ഫിലിം ചേംബേര്‍സ് മോണിറ്ററിംഗ് കമ്മിറ്റിയുടേയും വിമര്‍ശനങ്ങളോടായിരുന്നു ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം.
ഒത്തുതീര്‍പ്പിനായി ഫെഫ്ക നിര്‍മാതാവിനെ വിളിച്ചുവരുത്തിയെന്നും വിശദീകരണം തേടിയെന്നുമുള്ള ആരോപണം പച്ചക്കള്ളമെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഐസിസി ശുപാര്‍ശ നടപ്പാക്കേണ്ടത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ്. അസോസിയേഷനുകള്‍ വിഷയത്തിലെടുക്കുന്ന നടപടികള്‍ക്ക് ഫെഫ്ക പൂര്‍ണ പിന്തുണ അറിയിച്ചതാണ്. സജി നന്ത്യാട്ട് ഉള്‍പ്പെടെയുള്ളവര്‍ ഫെഫ്ക സൂത്രവാക്യം സിനിമാ നിര്‍മാതാവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയെന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാണ് ഫെഫ്കയുടെ വാദം.
ഷൈന്‍ ടോം ചാക്കോയോട് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചെന്നും ലഹരി ഉപയോഗത്തില്‍ നിന്ന് മോചനം നേടാന്‍ ഷൈന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും ബി ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഷൈനുമായി സംസാരിച്ചെന്ന് ബി ഉണ്ണികൃഷ്ണന്‍ ട്വന്റിഫോറിനോട് ആവര്‍ത്തിച്ചു. അദ്ദേഹം സിനിമയില്‍ നിന്ന് അവധിയെടുക്കുകയാണ് എന്ന് അറിയിച്ചതായും ചികിത്സയിലേക്ക് പോകുന്നതിനാണ് മാറിനില്‍ക്കുന്നത് എന്നാണ് പറഞ്ഞതെന്നും ബി ഉണ്ണികൃഷ്ണന്‍ ട്വന്റിഫോറിനോട് വ്യക്തമാക്കി.