ലോകം തന്നെ നടുങ്ങിയ പഹല്‍ഗാം ആക്രമണത്തെ അപലപിച്ചും നടുക്കം രേഖപ്പെടുത്തിയും നടന്‍ മോഹന്‍ലാല്‍ പങ്ക് വെച്ച സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ വിദ്വേഷം പ്രചരിപ്പിച്ച് സംഘപരിവാര്‍. ഇന്നലെ രാത്രിയോടെയായിരുന്നു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ അടക്കം 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തിന് പിന്നാലെ മോഹന്‍ലാല്‍ ഇന്നലെ അര്‍ധരാത്രി തന്നെ നടുക്കം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇത്തരം ആക്രമണങ്ങള്‍ എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാകില്ല എന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടാണ് എന്നും പറഞ്ഞ് കൊണ്ടായിരുന്നു മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്ക് വെച്ചത്.
ഇതിന് താഴെയാണ് അന്യമതവിദ്വേഷം വമിപ്പിക്കുന്ന തരത്തില്‍ സംഘപരിവാര്‍ അനുകൂലികള്‍ വിദ്വേഷ കമന്റുകള്‍ പങ്ക് വെക്കുന്നത്. ‘ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് വേണ്ടി എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകമാണ്. നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിന് ഒരു കാരണവും ഒരിക്കലും ന്യായീകരിക്കാനാവില്ല.
ആ കുടുംബങ്ങളുടെ ദുഃഖം വാക്കുകള്‍ക്ക് അതീതമാണ്. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ദയവായി അറിയുക. മുഴുവന്‍ രാജ്യവും ദുഃഖത്തില്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു. നമുക്ക് പരസ്പരം കുറച്ചുകൂടി മുറുകെ പിടിക്കാം, ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനില്‍ക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്,’ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മോഹന്‍ലാല്‍ കുറിപ്പ് പങ്ക് വെച്ചത്.
ഇതിന് താഴെയാണ് എമ്പുരാന്‍ വിവാദവുമായി ബന്ധപ്പെടുത്തി സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുന്നത്. ‘ഈ ഭീകരവാദികളെ ന്യായീകരിക്കാന്‍ രായപ്പനെയും കൂട്ടി എമ്പുരാന്‍ 3 വേഗം എടുക്ക്’ എന്നാണ് ഒരാളുടെ കമന്റ്. അടുത്ത രായപ്പന്റെ പടം ഈ തീവ്രവാദി പന്നികളെ വെളുപ്പിക്കുന്നതായിരിക്കും എന്നാണ് മറ്റൊരു കമന്റ്. ‘പോസ്റ്റ് മുക്കിയിട്ട് കേണല്‍ പദവിയും തിരികെ കൊടുത്ത് താന്‍ പോയി സയ്യിദ് മസൂദിനു ഊഞ്ഞാലാട്ടി കൊടുക്ക്…’ എന്നാണ് വേറൊരു കമന്റ്.
‘ലാലേട്ടാ… നിങ്ങളൊക്കെ സിനിമയില്‍ വെള്ളപൂശിയത് ഇമ്മാതിരി ജൈഷേ മുഹമ്മദ് ഇസ്ലാമിക തീവ്രവാദികളെയാണ്. എന്നിട്ട് ഇപ്പോള്‍ അപലപിക്കാന്‍ വന്നിരിക്കുന്നു,’, ആദ്യമായി ആണ് നിങ്ങടെ ഇങ്ങനത്തെ ഒരു പോസ്റ്റില്‍ ഇത്രേം ആളുകള്‍ തെറി വിളിക്കുന്നത് കാണുന്നത്. നിങ്ങള്‍ ഇനി എങ്ങനെ തലകുത്തി നിന്നാലും നിങ്ങളെ ജീവന് തുല്യം സ്‌നേഹിച്ചവര്‍ ഇനി മേലില്‍ നിങ്ങളെ വിശ്വസിക്കില്ല മിസ്റ്റര്‍ വാരിയന്‍ കുന്നന്റെ ചേട്ടാ!’ എന്നൊക്കെയാണ് കമന്റുകള്‍. ‘നിങ്ങളെ മലയാളികള്‍ വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു മോഹന്‍ലാല്‍. 45 വര്‍ഷംകൊണ്ട് നിങ്ങള്‍ നേടിയത് ഒരൊറ്റയാള്‍ ഒരൊറ്റ ഫിലിംകൊണ്ടു നശിപ്പിച്ചു കൈയില്‍ത്തന്നു. അവനെ വിശ്വസിച്ചിടത്തിനിന്നു നിങ്ങളുടെ പതനം തുടങ്ങി. ഇനി ആ ഭാരത സൈന്യത്തിന്റെ കുപ്പായംകൂടി അഴിച്ചുവെച്ചാല്‍ നിങ്ങള്‍ തികച്ചും അന്യനാകും!,’ എന്നാണ് പോസ്റ്റിന് താഴെ വന്ന മറ്റൊരു കമന്റ്.
അതേസമയം പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്തിയിട്ടുണ്ട്. വിമാനമിറങ്ങിയതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരുമായി മോദി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് മോദി സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെ അടിയന്തര യോഗത്തിലും പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ തന്നെ ശ്രീനഗറില്‍ എത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറിയുമായും ഇന്റലിജന്‍സ് ബ്യൂറോയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുമായും അമിത് ഷാ ഇന്നലെ തന്നെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പഹല്‍ഗാമില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരികുകയാണ്.