രഞ‌്ജി ട്രോഫി: ദോഗ്രയുടെ സെഞ്ചുറി കരുത്തില്‍ കേരളത്തിനെതിരെ 300 കടന്ന് പുതുച്ചേരി

0
44

പുതുച്ചേരി: പി കെ ദോഗ്രയുടെ സെഞ്ചുറി കരുത്തില്‍ കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പുതുച്ചേരി മികച്ച സ്കോറിലേക്ക്. നാല് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന പുതുച്ചേരിക്ക് തുടക്കത്തിലെ അരുണ്‍ കാര്‍ത്തിക്കിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീടെത്തിയ ആകാശ് കര്‍ഗാവെ മികച്ച പിന്തുണ നല്‍കിയതോടെ പുതുച്ചേരി സുരക്ഷിതമായ നിലയിലെത്തി.

രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പുതുച്ചേരി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയിലാണ്. 136 റണ്‍സോടെ ദോഗ്രയും 22 റണ്‍സോടെ കര്‍ഗാവെയും ക്രീസില്‍. 85 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിനെ ബേസില്‍ തമ്പി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആദ്യ ദിനം തുടക്കത്തില്‍ 19-3ലേക്ക് വീണശേഷമാണ് പുതുച്ചേരിയുടെ ശക്തമായ തിരിച്ചുവരവ്.

ആദ്യ ദിനം ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും തുടര്‍ന്നപ്പോള്‍ പുതുച്ചേരിക്ക് ഓപ്പണര്‍ നെയാന്‍ കങ്കായനെ (0) ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ഡി(0)യും പിന്നാലെ  സാഗര്‍ പി ഉദേശി(14)യും മടങ്ങിയതോടെ 19-3 എന്ന നിലയില്‍ പുതുച്ചേരി പതറി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ജെ എസ് പാണ്ഡെയും ദോഗ്രയും ചേര്‍ന്ന് 83 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ അവരെ കരകയറ്റി.

പുതുച്ചേരി ടോട്ടല്‍ 100 കടന്നതിന് പിന്നാലെ പാണ്ഡെയെ(38) വീഴ്ത്തി സിജോമോന്‍ ജോസഫ് കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും അരുണ്‍ കാര്‍ത്തിക്കിനൊപ്പം ദോഗ്ര പ്രതിരോധകോട്ട കെട്ടി. 102 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 178 റണ്‍സ് കൂട്ടുചേര്‍ത്ത് 280 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. കേരളത്തിനായി ബേസില്‍ തമ്പി രണ്ടും, നിധീഷ്, സിജോമോന്‍ ജോസഫ്, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ പോയന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം കേരളത്തിന് 20 പോയന്റ് ആണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 23 പോയന്റുള്ള ജാര്‍ഖണ്ഡ് രണ്ടാമതും 29 പോയന്റുള്ള കര്‍ണാടക ഒന്നാം സ്ഥാനത്തുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here