അജിത്ത് ചിത്രം ‘തുനിവ്’ കണ്ടതിന് പിന്നാലെ സിനിമാ സ്റ്റൈലില്‍ ബാങ്ക് കൊള്ളയടിക്കാനിറങ്ങിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി.
തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിലാണ് സിനിമയിലേത് പോലെ കത്തിയും മുളകുപൊടിയും പെപ്പര്‍ സ്പ്രേയും ഉപയോഗിച്ചാണ് യുവാവ് മോഷണം നടത്താന്‍ ബാങ്കിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
ബാങ്ക് കൊള്ള പശ്ചാത്തലമാക്കി അടുത്തിടെ റിലീസ് ചെയ്ത അജിത്ത് ചിത്രം തുനിവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് യുവാവ് കൃത്യം നടത്തിയെതെന്ന് പോലീസ് വ്യക്തമാക്കി.
പൂച്ചനായ്ക്കന്‍പട്ടി സ്വദേശി കലീല്‍ റഹ്മാന്‍ എന്ന 25കാരന്‍ ദിണ്ടിഗലിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ താടിക്കൊമ്ബ് ശാഖ കൊള്ളയടിക്കാനെത്തിയത്. ബാങ്ക് തുറക്കാനെത്തിയ മൂന്ന് ജീവനക്കാരെ മുളകുപൊടിയും പെപ്പര്‍ സ്പ്രേയും ഉപയോഗിച്ച് ആക്രമിച്ച ശേഷം പ്ലാസ്റ്റിക് ടാഗ് കൊണ്ട് കെട്ടിയിട്ട ശേഷമാണ് യുവാവ് ബാങ്കിനുള്ളില്‍ കടന്നത്.
മോഷണം നടക്കുന്നതിനിടെ കെട്ടിയിട്ട ജീവനക്കാരില്‍ ഒരാള്‍ സഹായം ആവശ്യപ്പെട്ട് നിലവിളിച്ച് റോഡിലേക്ക് ഇറങ്ങിയോടി. ഇത് കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ ബാങ്കിനുള്ളിലേക്ക് ഇരച്ചുകയറി യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു.