ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലകളില്‍ പട്രോളിംഗ് നടത്തുന്നതില്‍ നിന്നു ലോകത്ത് ഒരു ശക്തിക്കും ഇന്ത്യന്‍ സൈന്യത്തെ തടയാനാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പരമ്ബരാഗത സൈനിക പോസ്റ്റുകളില്‍ പട്രോളിംഗ് നടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ ചൈനീസ് സൈന്യം തടഞ്ഞു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ചൈനയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ലെന്നും സൈനിക, നയതന്ത്ര തലങ്ങളില്‍ ചര്‍ച്ച നടക്കുമ്ബോഴും ചൈനീസ് സൈന്യം പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുകയായിരുന്നുവെന്നും രാജ്നാഥ് പറഞ്ഞു.
ചൈന വിഷയത്തില്‍ ഇന്നലെ ആദ്യമായി യുദ്ധം എന്ന വാക്ക് ഉപയോഗിച്ചാണ് രാജ് നാഥ് സിംഗ് സംസാരിച്ചത്. ഒരു യുദ്ധം നമ്മുടെ കൈ കൊണ്ടു തുടങ്ങാം, എന്നാല്‍ അതേ കൈ കൊണ്ട് അതവസാനിപ്പിക്കാനാകില്ല എന്ന് അദ്ദേഹം പറഞ്ഞു. മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇന്ത്യന്‍ സൈന്യത്തെ പട്രോളിംഗില്‍ നിന്ന് ചൈന തടഞ്ഞോ എന്നു ചോദിച്ചു. അപ്പോഴാണ് ഭൂമിയില്‍ ഒരു ശക്തിക്കും അതിനു സാധിക്കില്ലെന്ന് രാജ്നാഥ് സിംഗ് മറുപടി പറഞ്ഞത്.
സൈനികരുടെ ജീവത്യാഗത്തിനു മുന്‍പില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നു പറഞ്ഞ ആന്റണി, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയെന്ന നിലപാടിന്റെ അര്‍ഥം ഏപ്രില്‍ മധ്യത്തിലുണ്ടായിരുന്ന സ്ഥിതി ഉറപ്പാക്കുമെന്നാണോയെന്നും ചോദിച്ചു. ഗുലാം നബി ആസാദ്, തിരുച്ചി ശിവ, എളമരം കരീം, ഡെറക് ഒബ്രയന്‍, ബിനോയ് വിശ്വം തുടങ്ങിയവരും സൈന്യത്തിന്റെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ വ്യക്തമാക്കി.