പരിക്കേറ്റ വാച്ച് ആന്‍റ് വാര്‍ഡിന് കാലിന് പൊട്ടലില്ല; സര്‍ക്കാരിനെ വെട്ടിലാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്

0
57

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സർക്കാറിനെയും പൊലീസിനെയും വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റ 2 വനിതാ വാച്ച് ആൻറ് വാർഡുകളുടെ കാലിന് പൊട്ടലില്ലെന്നാണ് റിപ്പോർട്ട്. വാച്ച് ആൻറ് വാർഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചെന്ന പേരിലായിരുന്നു 7 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്. സ്പീക്കറുടെ ഓഫീസിന് മുന്നിൽ സംഘർഷത്തിൽ വനിതാ വാച്ച് ആൻറ് വാർഡിൻറെ പരിക്ക് ഉന്നയിച്ചാണ് പ്രതിപക്ഷ വിമർശനങ്ങളെ ഇതുവരെ സർക്കാർ നേരിട്ടിരുന്നത്.

വാച്ച് ആൻറ് വാർഡും ഭരണപക്ഷ എംഎൽമാരും ആക്രമിച്ചെന്ന പ്രതിപക്ഷ പരാതിയിൽ എടുത്തത് ജാമ്യം കിട്ടുന്ന വകുപ്പായിരുന്നു. തിരിച്ച് വാച്ച് ആൻറ് വാർഡിൻറെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു മ്യൂസിയം പൊലീസിൻറെ കേസ്. രണ്ട് വാച്ച് ആൻ്റ് വാർഡിന് കാലിന് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. എന്നാൽ ജനറൽ ആശുപത്രിയിലെ ആശുപത്രിയിലെ തുടർ ചികിത്സയിലെ സ്കാനിംഗിലാണ് വാച്ച് ആൻറ് വാർഡിൻറെ പൊട്ടലില്ലെന്ന് കണ്ടെത്തിയത്.

വാച്ച് ആൻറ് വാർഡുകളുടെ ഡിസ്ചാർജ്ജ് സമ്മറിയും സ്കാൻ റിപ്പോർട്ടും ആശുപത്രി അധികൃതർ പൊലീസിന് കൈമാറി. ഇതോടെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ മ്യസിയം പൊലിസ് വെട്ടിലായി. ഗുരുതരമായി മർദ്ദിച്ച് പരിക്കേല്പിച്ചതിന് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ഐപിഎസി 326 ആം വകുപ്പ് ഇനി മാറ്റി ജാമ്യം ലഭിക്കാവുന്ന 323 വകുപ്പാക്കി മാറ്റണം.

അതേ സമയം ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാരെ തടഞ്ഞുവച്ചതിനും മർദ്ദിച്ചതിനും ചുമത്തിയിട്ടുള്ള ജാമ്യമില്ലാവകുപ്പ് തുടരും. സംഘർഷത്തിൽ പരിക്കേറ്റ കെകെ രമ എംഎൽഎയുടെ കൈക്കുള്ള പരിക്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്ലാസ്റ്റിറിട്ടിരിക്കുകയാണ്. രമയുടെ പരിക്കാണ് ഒറിജിനലെന്നും വാച്ച് ആൻറ് വാർഡിൻറെ പരിക്ക് വ്യാജമാണെന്നും മെഡിക്കൽ റിപ്പോർട്ട് ആയുധമാക്കി സർക്കാറിനെതിരെ കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here