ഡല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. മുതിര്‍ന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞനെ ഇന്നലെ രാത്രി വിളിച്ച് വരുത്തിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്
വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിംഗിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ഖാലിസ്ഥാന്‍ അനുകൂലികള്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ആക്രമണം നടത്തിയത്.
കെട്ടിടത്തില്‍ വലിഞ്ഞ് കയറി അക്രമികള്‍ ഇന്ത്യയുടെ ദേശീയ പതാകയും താഴ്ത്തിയിരുന്നു. തന്ത്രപ്രധാന ഇടമായ എംബസിക്ക് മതിയായ സുരക്ഷ ഒരുക്കാത്തതില്‍ ബ്രിട്ടനോട് ഇന്ത്യ വിശദീകരണം തേടിയിട്ടുണ്ട്. ആസ്ത്രേലിയയിലെ ബ്രിസ്ബെയിനിലും അമൃത്പാല്‍ സിംഗിനെതിരായ പൊലീസ് നടപടിയില്‍ ഇന്ത്യന്‍ എംബസിക്ക് നേരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം ഉണ്ടായിരുന്നു.
സംഭവത്തില്‍ മെട്രോപോളിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. “ഹൈക്കമ്മീഷന്‍ കെട്ടിടത്തിന്റെ ജനാലകള്‍ തകര്‍ന്നു.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റു.ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് എത്തുന്നതിന് മുമ്ബ് അവിടെയുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും പിരിഞ്ഞുപോയിരുന്നു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, വിദേശകാര്യ മന്ത്രി ലോര്‍ഡ് അഹമ്മദ്, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസ് എന്നിവര്‍ ട്വിറ്ററില്‍ അപലപിച്ചു.
അതേസമയം അമൃത്പാല്‍ സിംഗിനായുള്ള തെരച്ചില്‍ തുടരുകയാണ്. ജലന്ധര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം . ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് തെരച്ചില്‍ നടത്തുന്നത് . എന്നാല്‍ അമൃത്പാല്‍ എവിടെയാണെന്ന വിവരം ഇതുവരെയും പഞ്ചാബ് പൊലീസിന് ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ മൊബൈല്‍ , ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഇന്ന് ഉച്ച വരെ തുടരും . സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ വിവിധ മേഖലകളില്‍ വന്‍ സുരക്ഷ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.