ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍

0
109

ന്യൂഡല്‍ഹി: ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. സംഘടന വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കവെയാണ് സംഘടന ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. 19 ദിവസംം മുന്‍പ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടുന്നെന്നുമാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തനങ്ങളെ ഒഴിവുകഴിവാക്കരുതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.മനുഷ്യാവകാശപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സംഘടനയുടെ വാദങ്ങള്‍ നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. സെപ്റ്റംബര്‍ പത്തിനാണ് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചത്.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സംഘടന നടത്തിവരുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമംകൂടിയാണ് ആംനസ്റ്റിയുടെ പ്രസ്താവന. ആംനസ്റ്റിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ തുടരാം. പലസംഘടനകളും ഇത്തരത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തനം രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായിരിക്കണം. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ആംനസ്റ്റി നടത്തിയ പ്രസ്താവനകള്‍ കാര്യങ്ങളെ പെരുപ്പിച്ച്‌ അവതരിപ്പിക്കലാണ്. വസ്തുതകളില്‍ നിന്നും ഏറെ വിഭിന്നമായ കാര്യമാണ് സംഘടന പറയുന്നതെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം തുടര്‍ന്ന് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ഉള്ളതെന്നും സര്‍ക്കാര്‍ ബോധപൂര്‍വം ഇത്തരം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന പ്രസ്താവനയില്‍ പറയുന്നു. സംഘടനയുടെ ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാറാണ് പ്രതികരിച്ചിരിക്കുന്നത്.

നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി ഇന്ത്യക്കെതിരെ നടന്നു വരികയാണ്. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം നടത്തിവരുന്നത്.

2017ല്‍ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി. മരവിപ്പിച്ചിരുന്നു. എന്നാല്‍ കോടതിയില്‍നിന്ന് ആംനസ്റ്റി ഇന്ത്യക്ക് അനുകൂല വിധി ലഭിക്കുകയായിരുന്നു. യു.കെയില്‍ന്ന് പത്തുകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ സിബിഐയും ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here