10 വര്‍ഷത്തെ പ്രണയം, അപകടത്തില്‍ കാല്‍ നഷ്‌ടമായിട്ടും അനീതിനെ വിവാഹം കഴിച്ച്‌ മിസ്‌റ്റര്‍ ഇന്ത്യയാക്കിയ അഞ്ജു

0
44

സില്‍ പെരുപ്പിച്ച്‌ നടക്കുന്നവരോട് മലയാളികള്‍ക്കുള്ള മനോഭാവം പലതാണ്. ശരീരത്തിന് നല്ല ഷെയ‌്പ്പും, അഴകും വേണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.

പണ്ടൊക്കെ ജിമ്മില്‍ പോകുന്നവരെല്ലാം മരുന്ന് കുത്തിവച്ചാണ് മസില്‍ വീര്‍പ്പിക്കുന്നതെന്ന തോന്നലില്‍ നിന്നും കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് അവരില്‍ മുഴച്ചു കാണുന്നതെന്ന യാഥാര്‍ത്ഥ്യബോധത്തിലേക്ക് മലയാളികളും വന്നു കഴിഞ്ഞു. കഠിനപ്രയത്നവും ക്ഷമാശീലവും കൊണ്ടുമാത്രമേ അഴകളവാര്‍ന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ. ജില്ലാതലത്തില്‍ തുടങ്ങി ലോകത്തിന്റെ നെറുകയില്‍ വരെ മലയാളനാടിന്റെ പേര് ഉദ്‌ഘോഷിപ്പിക്കപ്പെട്ടവര്‍ നിരവധിയുണ്ട് നമുക്കിടയില്‍. അവരിലേക്ക് ഒരു പേരുകാരന്‍ കൂടി വരികയാണ്…അനീത്.

മദ്ധ്യപ്രദേശില്‍ ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ മത്സരത്തില്‍ ‘മിസ്‌റ്റര്‍ ഇന്ത്യ’ ടൈറ്റില്‍ പട്ടം നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അനീത്. മിസ്‌റ്റര്‍ ഇന്ത്യ പട്ടങ്ങള്‍ ഇതിന് മുമ്ബ് മലയാളികളില്‍ പലരും നേടിയിട്ടുണ്ടെങ്കിലും അനീതിന്റെ നേട്ടത്തിന് മാറ്റ് കൂടുതലാണ്. കാരണം ഭിന്നശേഷി വിഭാഗത്തിലാണ് അനീത് മത്സരിച്ച്‌ വിജയം കരസ്ഥമാക്കിയത്.

ഇടതുകാല്‍ നഷ്‌ടമായത് 23ആം വയസില്‍

ജീവിതത്തിന്റെ ഏറ്റവും മധുരമായ കാലത്താണ് അനീതിന് ഇടതു കാല്‍ നഷ്‌ടമാകുന്നത്. 2012ല്‍ ആയിരുന്നു അപകടം. തിരുവനന്തപുരം ശാസ്ത‌മംഗലം- വെള്ളയമ്ബലം റോഡില്‍ വച്ച്‌ അശ്രദ്ധമായി വന്ന കാര്‍ അനീത് സഞ്ചരിച്ച ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. ഒരു സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാല് പൂര്‍ണമായും തകര്‍ന്നു. മുറിച്ചു മാറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങളിലെന്ന ഡോക്‌ടര്‍മാരുടെ തീരുമാനം അംഗീകരിക്കുകയേ അനീതിന്റെ കുടുംബത്തിന് വഴിയുണ്ടായിരുന്നുള്ളൂ. കാല്‍ മുറിച്ചു മാറ്റിയ കാര്യം അനീതിനെ ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നില്ല. പിന്നീട് മൂന്ന് ദീവസങ്ങള്‍ക്ക് ശേഷം ചേട്ടനാണ് വിവരം പറഞ്ഞത്. ”മുറിക്കേണ്ട കാര്യമുണ്ടായിരുന്നോ” എന്ന് മാത്രമേ ആ സമയത്ത് അനീത് ചോദിച്ചുള്ളൂ.

ജിമ്മില്‍ പോകുന്നവരെ പിന്തിരിപ്പിച്ചു, ഒടുവില്‍ മിസ്‌റ്റര്‍ ഇന്ത്യയായി

ക്രിക്കറ്റ്, ഫുട്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങളെ ഇഷ്‌ടപ്പെട്ടിരുന്ന അനീതിന് ഏറ്റവും വെറുപ്പ് ജിമ്മില്‍ പോകുന്നവരോടായിരുന്നു. ജിമ്മില്‍ പോയാല്‍ ശരീരത്തിന്റെ ഫ്ളെക്‌സിബിലിറ്റി നഷ്‌ടമാകും എന്ന ചിന്തയായിരുന്നു അന്നുണ്ടായിരുന്നത്. എന്നാല്‍ അപകടത്തിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ‌്ക്കിടെ ശ്രദ്ധയില്‍പ്പെട്ട കൊല്ലംകാരനായ ബോഡ‌ിബില്‍ഡര്‍ ബുഹാരിയുടെ ജീവിതം അനീതിനെ സ്വാധീനിച്ചു. പോളിയോ ബാധിതനായ ബുഹാരി ശരീര സൗന്ദര്യ മത്സരങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ അനീതിന്റെ തുടര്‍ന്നുള്ള ജീവിതത്തിന് ചാലക ശക്തിയായി മാറുകയായിരുന്നു.

വീടിന് സമീപമുള്ള ജിമ്മിലായിരുന്നു ആദ്യഘട്ടത്തിലെ പരിശീലനം. സുഹൃത്തുക്കളുടെ വലിയ പിന്തുണ യാത്രയുടെ കാര്യത്തിലടക്കം അനീതിനുണ്ടായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെ സൗത്തിന്ത്യന്‍ ലെവല്‍ മത്സരങ്ങളില്‍ ജേതാവായി. മകന്‍ ജനിച്ചതിന് ശേഷം കുറച്ചുനാള്‍ ജിമ്മില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ആ ഗ്യാപ്പില്‍ ശരീരം വണ്ണം വയ‌്ക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ഭാര്യ അഞ്ചുവിന്റെ പിന്തുണയും പ്രേരണയും അനീതിനെ വീണ്ടും ജിമ്മിലെത്തിച്ചു. ഇതിനിടെ സര്‍ക്കാര്‍ ജോലി വേണമെന്ന ആഗ്രഹത്തിന്റെ പുറത്ത് അതിനുള്ള പരിശീലനവും തുടങ്ങി. പി എസ് സിയുടെ നിരവധി റാങ്ക് ലിസ്‌റ്റുകളില്‍ ഉള്‍പ്പെട്ട അനീത് 2016ല്‍ തൊഴില്‍ വകുപ്പില്‍ എല്‍.ഡി ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു.

വളെര ബുദ്ധിമുട്ടിയും യാതനകള്‍ സഹിച്ചുമാണ് ജിമ്മിലെ വര്‍ക്കൗട്ട്. പ്രത്യേകിച്ച്‌ മത്സരത്തിന്റെ നാളുകളില്‍. കാര്‍ഡിയോ അടക്കമുള്ള വര്‍ക്കൗട്ടുകളില്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടതായി വരും. ആംപ്യൂട്ട് ചെയ‌്ത കാല്‍ ആയതിനാല്‍ ട്രെഡ് മില്ലില്‍ അധികം നടക്കാന്‍ കഴിയില്ല. രണ്ടു ദിവസം നടക്കുമ്ബോള്‍ തൊലിപൊട്ടാന്‍ തുടങ്ങും. തുടര്‍ന്ന് മരുന്ന് പുരട്ടി അത് ഭേദമായതിന് ശേഷം മാത്രമേ വര്‍ക്കൗട്ട് പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂ. കോമ്ബറ്റീഷന്‍ സമയമാകുമ്ബോള്‍ രാവിലെയും വൈകീട്ടുമായി വര്‍ക്കൗട്ട് ക്രമീകരിക്കും. ട്രെയിനറായ അനന്തുവിന്റെ മേല്‍നോട്ടത്തിലാണ് പരിശീലനം.

പ്രണയത്തിന്റെ ആഴം എന്താണെന്ന് അനീതിന്റെ ജീവിതം കാണുന്ന ഏതൊരാള്‍ക്കും മനസിലാകും. പ്ളസ്‌ടു പഠനകാലം മുതല്‍ പ്രണയിച്ച പെണ്‍കുട്ടി തന്നെയാണ് അപകടമുണ്ടായപ്പോഴും തുടര്‍ന്നുള്ള ജീവിതത്തിലും അനീതിന് താങ്ങും തണലുമായി ഒപ്പമുള്ളത്. എംപ്ളോയിന്റ്മെന്റ് എക്‌സ്‌ചേഞ്ചില്‍ വച്ചായിരുന്നു അഞ്ജുവിനെ ആദ്യമായി അനീത് കാണുന്നത്. ആദ്യ കാഴ്‌ചയില്‍ തന്നെ അഞ്ജുവിനോട് പ്രണയം തോന്നുകയായിരുന്നു. പിന്നീട് ഒരു സുഹൃത്ത് മുഖാന്തിരം പ്രണയം അറിയിച്ചു. താല്‍പര്യമില്ല എന്നായിരുന്നു മറുപടി. വിസമ്മതം സമ്മതമാക്കാന്‍ രണ്ടുവര്‍ഷത്തോളമെടുത്തു.

അനീതിന്റെ ദൃഢനിശ്ചയം തന്നെയാണ് മിസ്‌റ്റര്‍ ഇന്ത്യ പട്ടത്തിലേക്ക് എത്തിച്ചതെന്ന് അഞ്ജു പറയുന്നു. ”ആ മനസിനൊപ്പം നില്‍ക്കുക എന്നുള്ളത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. പരിചയപ്പെട്ട് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോഴാണ് ആക്‌സിഡന്റ് സംഭവിച്ചത്. കേട്ടപ്പോള്‍ ഞെട്ടല്‍ തോന്നിയെങ്കിലും അദ്ദേഹത്തിന് ഒരു കാല്‍ നഷ്‌ടമായി എന്ന തോന്നല്‍ അന്നും ഇന്നും എനിക്കില്ല. അതൊരു കുറവായിട്ട് കാണുന്നുമില്ല. എല്ലാ പ്രതിസന്ധികളും മറികടന്ന് അദ്ദേഹം സ്വപ്‌നം കാണുന്ന നേട്ടങ്ങള്‍കീഴടക്കാന്‍ ഒപ്പം നില്‍ക്കുക എന്നത് മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ”- അഞ്ജുവിന്റെ വാക്കുകള്‍.

ദേശീയ തലത്തിലടക്കമുള്ള ചാമ്ബ്യന്‍ഷിപ്പുകള്‍ക്ക് തയ്യാറെടുക്കുമ്ബോള്‍ കഠിനമായ ഡയറ്റ് നോക്കേണ്ടതുണ്ടായിരുന്നു. അതെല്ലാം കൃത്യസമയത്ത് ഒരുക്കി അനീതിനൊപ്പം അഞ്ജു നിന്നു. സ്വകാര്യ സ്ഥാപനത്തിലെ ജോലിത്തിരക്കുകള്‍ക്കിടയിലും വീട്ടുകാര്യങ്ങളുടെ ഭാരം അനീതില്‍ നിന്നും ഏറ്റുവാങ്ങി കൈത്താങ്ങായി ഭാര്യ കൂടെ നിന്നതിന്റെ ഫലമാണ് മദ്ധ്യപ്രദേശില്‍ തന്റെ വിജയം സാദ്ധ്യമാക്കിയതെന്ന് അനീത് പറയുന്നു.

കേരളത്തിന് അഭിമാനമായ നേട്ടം കൈവരിച്ച അനീതിനെ സര്‍ക്കാര്‍ ആദരിക്കുകയുണ്ടായി. തൊഴില്‍ വകുപ്പ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി അനീതിനെ അനുമോദിച്ചു. ലേബര്‍ കമ്മിഷണര്‍ വാസുകിയുടെ പൂര്‍ണ പിന്തുണയും ഒപ്പമുണ്ട്. എന്നാല്‍ ഇനിയും ഒരുപാട് നേട്ടങ്ങള്‍ അനീതിനെ കാത്തിരിക്കുകയാണ്. മിസ്‌റ്റര്‍ ഏഷ്യ, മിസ്‌റ്റര്‍ വേള്‍ഡ് പട്ടങ്ങള്‍ നേടുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ അടുത്ത ലക്ഷ്യങ്ങള്‍. എന്നാല്‍ വളരെ സാമ്ബത്തിക ചെലവുള്ള കാര്യമാണത്. ഒരു സ്പോണ്‍സറെ കിട്ടിക്കഴിഞ്ഞാല്‍ തന്റെ ലക്ഷ്യം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അനീത്. അങ്ങനെയൊരാള്‍ വന്നാല്‍ ലോകത്തിന്റെ നെറുകയില്‍ മലയാളിയുടെ പേര് വീണ്ടും ഉയര്‍ന്നു കേള്‍ക്കും. അനീതിന്റെ കാര്യത്തില്‍ ആ കേള്‍വിക്ക് പത്തരമാറ്റിന്റെ തിളക്കവുമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here