ഇന്ത്യാ ടുഡേ കോൺക്ലേവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും

0
74

ഇന്ത്യാ ടുഡേ കോൺക്ലേവ് 2023 പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ പരിപാടിയുടെ ഇരുപതാം പതിപ്പ് മാർച്ച് 17, 18 തീയതികളിലായി ന്യൂഡൽഹിയിൽ വച്ചാണ് നടക്കുക. ലോകം പ്രക്ഷുബ്ധമായ-സാമ്പത്തിക-ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോൾ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകുന്ന ഈ സമയത്ത്, ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ ശ്രദ്ധാ കേന്ദ്രമാകുമെന്ന് ഉറപ്പാണ്.

കോവിഡ് വ്യാപനത്തിന് മുമ്പ് 2019ലാണ് ഇന്ത്യാ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്‌ത്‌ പ്രധാനമന്ത്രി മോദി അവസാനമായി സംസാരിച്ചത്, അതിനുശേഷം ഒരുപാട് മാറ്റങ്ങൾ രാജ്യത്ത് സംഭവിച്ചു. 2023ൽ, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. ഈ വർഷത്തെ ജി20 ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്നതും ഇന്ത്യയാണ്.

“വരും വർഷങ്ങളിലെ ആഗോള വികസനത്തിന്റെ ഗതിയെ രൂപപ്പെടുത്തുമെന്ന് ഉറപ്പുള്ള അദ്ദേഹത്തിന്റെ നേതൃത്വ തന്ത്രങ്ങൾ അടയാളപ്പെടുത്തുന്നതാവും ഈ തവണത്തെ അദ്ദേഹത്തിന്റെ അഭിസംബോധന” ഇന്ത്യാ ടുഡേ ഗ്രൂപ്പ് വൈസ് ചെയർപേഴ്‌സൺ കല്ലി പുരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് മോഡൽ എന്നറിയപ്പെട്ട തന്റെ ജനപ്രിയ പരിപാടികൾ പ്രദർശിപ്പിച്ചപ്പോൾ മുതൽ പ്രധാനമന്ത്രിയായ ശേഷം പുതിയ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ലക്ഷ്യങ്ങൾ വരച്ചുകാട്ടിയത് വരെ ഇന്ത്യാ ടുഡേ കോൺക്ലേവിനെ ആറ് തവണ അദ്ദേഹം അഭിസംബോധന ചെയ്‌തിട്ടുണ്ട്.

2003ലും 2008ലും 2011ലും ഗുജറാത്ത് മുഖ്യമന്ത്രിയായും, പിന്നീട് 2013ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായും, 2017ലും 2019ലും പ്രധാനമന്ത്രിയായും അദ്ദേഹം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയിരുന്നു. ‘ദി ഇന്ത്യ മൊമെന്റ്’ എന്നതാണ് ഈ വർഷത്തെ കോൺക്ലേവിന്റെ പ്രമേയം. ആഗോള സാമ്പത്തിക വളർച്ചയുടെ ചാലകങ്ങളിലൊന്നായി മാറാൻ ഒരുങ്ങുകയാണ് ഇന്ത്യ.

കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപിയുടെ പോരാട്ടത്തിന് പ്രധാനമന്ത്രി മോദി നേതൃത്വം നൽകുമ്പോൾ ഇന്ത്യ വലിയൊരു തിരഞ്ഞെടുപ്പ് സീസണിലേക്ക് കടക്കുകയാണ്. ഇന്ത്യാ ടുഡേ കോൺക്ലേവ് 2023ൽ, ഭരണകക്ഷിയായ എൻഡിഎയിലെയും പ്രതിപക്ഷത്തെയും പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുകയും അവരുടെ നയങ്ങൾ, വാഗ്‌ദാനങ്ങൾ, സാധ്യതകൾ എന്നിവ ചർച്ചയിൽ ഉൾപ്പെടുത്തുകയും ചെയ്യും.

മുൻകാലങ്ങളിൽ എന്നപോലെ, ഇന്ത്യാ ടുഡേ കോൺക്ലേവ് 2023ലും രാഷ്ട്രീയം, ബിസിനസ്‌, വിനോദം, സ്‌പോർട്‌സ്, അക്കാദമിക് മേഖല എന്നിവയിൽ നിന്നുള്ള വൈവിധ്യമാർന്ന ശബ്‌ദങ്ങളെ ഒരുമിച്ച് കൊണ്ടുവരികയും, അർത്ഥവത്തായ സംവാദത്തിനും ചർച്ചകൾക്കും വേദിയൊരുക്കുകയും ചെയ്യും.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, കിരൺ റിജിജു, സ്‌മൃതി ഇറാനി, കോൺഗ്രസ് നേതാക്കളായ ശശി തരൂർ, പി ചിദംബരം, ടിഎംസി എംപി മഹുവ മൊയ്ത്ര, വ്യവസായി അനിൽ അഗർവാൾ, സഞ്ജീവ് ഗോയങ്ക, വ്യവസായി ബൈജു രവീന്ദ്രൻ തുടങ്ങിയ പ്രമുഖർ കോൺക്ലേവിൽ സംസാരിക്കും. ഇതിന് പുറമെ നടൻ രാം ചരൺ, ജനിതക ശാസ്ത്രജ്ഞൻ ഡേവിഡ് സിൻക്ലെയർ, വിരമിച്ച ചീഫ് ജസ്‌റ്റിസുമാരായ എസ്എ ബോബ്‌ഡെ, യുയു ലളിത് എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here