കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പടർന്ന സാഹചര്യത്തിൽ കൊച്ചിയിൽ മാർച്ച് 14 ചൊവ്വാഴ്‌ച മുതൽ ആരോഗ്യ സർവേ ആരംഭിക്കും. ഇതിനിടെ പ്ലാന്റിന് നിന്നുള്ള തീയും പുകയും നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ, പ്ലാന്റിന്റെ 90 ശതമാനം ഭാഗത്തെയും തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പുക പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അതേസമയം, ആരോഗ്യ സർവേയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിക്കും. ഹൈക്കോടതി നിർദേശിച്ച പ്രത്യേക സമിതി കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വിശദമായ റിപ്പോർട്ട് സമിതി ഹൈക്കോടതിക്ക് കൈമാറും. അതിനിടെ നഗരത്തിലെ മാലിന്യ നീക്കവും പുനരാരംഭിച്ചിട്ടുണ്ട്.
ബ്രഹ്മപുരത്ത് തീപ്പിടിത്തത്തിന് ശേഷം 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇതിൽ 421 പേർ ക്യാമ്പിൽ പങ്കെടുത്തവരാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരം പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്നും നേരത്തെ വിഭാവനം ചെയ്ത ആക്ഷൻ പ്ലാനിൽ, യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നാളെ മുതൽ മേയ് വരെ നീളുന്ന 82 ദിവസത്തെ കർമപദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഫ്ലാറ്റുകളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കാൻ ജൂൺ 30 വരെ സമയ പരിധി നൽകിയിട്ടുണ്ട്.
അതേസമയം തീപിടിത്തവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്താൻ പ്രത്യേക നിരീക്ഷണ സമിതിയെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണം ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിക്കാണ് ചുമതല. 24 മണിക്കുറിനുള്ളിൽ സമിതി ബ്രഹ്മപുരം സന്ദർശിച്ച് പ്രാഥമിക റിപ്പോർട്ട് നല്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.