പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് തികഞ്ഞ അരാജകത്വത്തിലേക്ക് കൂപ്പുകുത്തി രണ്ട് ദിവസത്തിന് ശേഷം, തിങ്കളാഴ്‌ച സംസ്ഥാനത്തെ 19 ജില്ലകളിലെ 696 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു. എന്നാൽ ഇതിന് പിന്നാലെ കൂച്ച് ബിഹാറിൽ പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകർ തങ്ങളുടെ പാർട്ടി പ്രവർത്തകന്റെ വീട് തകർത്തുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഞായറാഴ്‌ച രാത്രി കോൺഗ്രസ് സ്ഥാനാർത്ഥി നൂർനഹർ ബീബിയുടെ വീടിന് നേരെ അജ്ഞാതരായ അക്രമികൾ ബോംബെറിയുകയും വെടിയുതിർക്കുകയും ചെയ്‌തിരുന്നു.
നേരത്തെ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനത്തിൽ വ്യാപകമായ അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടായതിനെത്തുടർന്ന് കൂച്ച് ബെഹാർ ജില്ലയിലെ 53 ബൂത്തുകളിൽ റീപോളിംഗിന് ഉത്തരവിട്ടിരുന്നു. നാദിയ (89), നോർത്ത് 24 പർഗാനാസ് (46), ഉത്തർ ദിനാജ്പൂർ (42), സൗത്ത് 24 പർഗാനാസ് (36), പുർബ മേദിനിപൂർ (31), ഹൂഗ്ലി (29) എന്നിവിടങ്ങളിലെ ബൂത്തുകളിലും റീപോളിംഗ് നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) നടത്തുന്ന റീപോളിംഗ് രാവിലെ 7 മണിക്ക് ആരംഭിച്ച് കനത്ത സുരക്ഷയിൽ വൈകുന്നേരം 5 മണി വരെ നടക്കും. സംസ്ഥാന പോലീസിന് പുറമെ ഓരോ ബൂത്തിലും നാല് കേന്ദ്രസേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികളിൽ ഭരണകക്ഷിയായ ടിഎംസി, ബിജെപി, സി പി ഐ (എം), കോൺഗ്രസ് എന്നിവർക്കൊപ്പം സ്വതന്ത്രരും സംസ്ഥാനത്തുടനീളം വാശിയേറിയ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു. ഇതോടെയാണ് ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അരാജകത്വത്തിലേക്കും രക്തച്ചൊരിച്ചിലേക്കും വഴിമാറിയത്.
2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള അഗ്നിപരീക്ഷണമായി വിദഗ്ധർ വിലയിരുത്തുന്ന ഈ തിരഞ്ഞെടുപ്പ്, ബാലറ്റ് പെട്ടികൾ മോഷ്‌ടിക്കുകയും കത്തിക്കുകയും ചെയ്യുന്നതിന്റെയും, രാഷ്ട്രീയ പ്രവർത്തകർക്കെതിരായ ജനരോഷത്തിന്റെയും ദൃശ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു.